ലോക്സഭാ തെരഞ്ഞെടുപ്പ്; സി.പി.എമ്മിന്‍റെ സ്ഥാനാർഥി ചർച്ചകള്‍ക്ക് ഇന്ന് തുടക്കം

മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന

Update: 2024-02-16 06:11 GMT

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സരത്തിനിറക്കാനാണ് സിപിഎം ആലോചന. ചില എം.എല്‍.എ-മാരെ പോരിനിറക്കണമെന്ന ചിന്തയും പാർട്ടിക്കുള്ളിലുണ്ട്

ആകെ 20 സീറ്റ്. 15 എണ്ണത്തില്‍ സിപിഎമ്മും,നാലെണ്ണത്തില്‍ സിപിഐയും ഒരെണ്ണത്തില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കും. കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടനെ മത്സരിപ്പിക്കാന്‍ അവർ തീരുമാനിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് സിപിഎമ്മിന്‍റേയും സിപിഐയുടേയും സ്ഥാനാർത്ഥികളെയാണ് . സിപിഎമ്മിന്‍റെ പ്രാഥമിക സ്ഥാനാർത്ഥി ചർച്ചകള്‍ക്ക് ഇന്ന് തുടക്കമാകും.

Advertising
Advertising

കൊല്ലത്ത് മുന്‍ എം.എല്‍.എ ഐഷാ പോറ്റി, ഇരവിപുരം എംഎല്‍എ എ നൗഷാദ്,ചിന്താജെറോം എന്നീ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങലില്‍ കടകംപള്ളി സുരേന്ദ്രന്‍,ജില്ലാസെക്രട്ടറി വി ജോയ്,ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ഷിജുഖാന്‍ എന്നിവരില്‍ ഒരാള്‍ സ്ഥാനാർത്ഥി ആയേക്കും. ആലപ്പുഴയില്‍ സിറ്റിംങ് എംപിയായ ആരിഫിനാണ് മുന്‍ഗണന,ടിഎം തോമസ് ഐസകിനോട് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് താത്പര്യമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാള്‍ അവിടെ സ്ഥാനാർത്ഥിയാകും.

പത്തനംതിട്ടയില്‍ തോമസ് ഐസക്,രാജു എബ്രഹാം എന്നീ പേരുകളാണ് കേള്‍ക്കുന്നത്...എറണാകുളത്ത് പൊതു സ്വതന്ത്രന്‍ വന്നേക്കും...ഇടുക്കിയില്‍ മുന്‍ എംപി ജോയ്സ് ജോർജിന്‍റെ പേര് സജീവമായിട്ടുണ്ട്. പാലക്കാട് എം സ്വരാജ്, ആലത്തൂർ എകെ ബാലന്‍,കെ രാധാകൃഷ്ണന്‍,എകെ ബാലന്‍റെ ഭാര്യ പികെ ജമീല തുടങ്ങിയ പേരുകള്‍ പാർട്ടിയുടെ ആലോചനയിലുണ്ട്. കോഴിക്കോട് ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫോ എളമരം കരിമോ സ്ഥാനാർത്ഥി ആയേക്കും...

കണ്ണൂരിലും വടകരയിലും കെകെ ഷൈലജയുടെ പേര് കേള്‍ക്കുന്നുണ്ട്. കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയുടെ പേരും സജീവമാണ്. കാസർഗോഡ് ടിവി രാജേഷ്,വിപിപി മുസ്തഫ,എന്നിവരെ പരിഗണിക്കുന്നതായാണ് വിവരം. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News