'വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവ് ഉമ്മൻചാണ്ടി'; കല്ലറയിൽ പുഷ്പാർച്ചന നടത്തി എം.വിൻസൻ്റ് എംഎൽഎ
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുൻപായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി എം.വിൻസന്റ് എംഎൽഎ. ചാണ്ടി ഉമ്മൻ എംഎൽഎയോടൊപ്പം എത്തിയാണ് പുഷ്പാർച്ചന നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവാണ് ഉമ്മൻ ചാണ്ടിയെന്ന് എം.വിൻസന്റ് പ്രതികരിച്ചു.
" വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിൻ്റെ ഫലം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നു. റെയിൽ റോഡ് കണക്ടിവിറ്റി പൂർത്തിയാക്കണമെന്ന കരാർ പോലും ഇതുവരെ നടപ്പിലാക്കാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടില്ല," എം.വിൻസന്റ് ചൂണ്ടിക്കാട്ടി.
ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പ്രതികരിച്ചു. ഒരു കല്ലു മാത്രം ഇട്ടു എന്ന CPMൻ്റെ പ്രചരണം പച്ചക്കള്ളം. നാട്ടുകാർക്ക് അക്കാര്യം അറിയാം. 2004 ൽ ആദ്യം മുഖ്യമന്ത്രിയായപ്പോൾ മുതൽ ഉമ്മൻ ചാണ്ടി വിഴിഞ്ഞത്തിനായി ശ്രമം തുടങ്ങി. ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സർക്കാരിന് ഭയമാണ്. അതാണ് പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതാക്കളെയും ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചത്, ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
അതേസമയം, കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.
ഉത്സവ പ്രതീതിയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക. 10.30ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്കായെ ബര്‍ത്തിലെത്തി സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ഗൌതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.