'മലപ്പുറം ജില്ല വിഭജിക്കണം'; റസാഖ് പാലേരി

പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച 'ഒക്യുപൈ മലപ്പുറം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു റസാഖ് പാലേരി

Update: 2023-06-07 18:04 GMT
Advertising

മലപ്പുറം ജില്ല വിഭജിക്കണമെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. കൂടുതൽ നീതി യുക്തമായ വിഭവ വിതരണത്തിനും ഭരണ സൗകര്യത്തിനും വേണ്ടി മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണം. മലപ്പുറം ജില്ലയിലെ വികസന പ്രശ്നങ്ങളെ സവിശേഷമായി അഭിമുഖീകരിക്കാനുള്ള സത്യസന്ധത സംസ്ഥാന സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച 'ഒക്യുപൈ മലപ്പുറം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെയും വിഭവ വിതരണത്തിന്റെയും കാര്യത്തിൽ സംസ്ഥാന സർക്കാർ മലബാറിനോട് കാണിക്കുന്ന വിവേചനത്തിന് കേരളപ്പിറവിയോളം തന്നെ പഴക്കമുണ്ട്. വിദ്യാഭ്യാസ രംഗത്ത് ഈ വിവേചനം ഭീകരമാണ്. വേണ്ടത്ര വിദ്യാർഥികൾ ഇല്ലാത്ത ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ മലബാറിലേക്ക്‌ മാറ്റാനുള്ള ഏറ്റവും പുതിയ തീരുമാനം സീറ്റ് ചോദിക്കുന്ന വിദ്യാർഥികളോട് കൊഞ്ഞനം കുത്തുന്ന ഏർപ്പാടാണ്. കാൽ ലക്ഷത്തിലധികം സീറ്റ് വേണ്ടിടത്തു വെറും 910 സീറ്റനുവദിച്ചു കൈ കഴുകുന്നത് അനീതി തുടരുമെന്ന പ്രഖ്യാപനമാണെന്നും റസാഖ് പാലേരി പറഞ്ഞു.

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാറിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് ശാശ്വതമായ പരിഹാരമാണ്. ആ പരിഹാരം എന്തെന്ന് ആലോചിക്കുവാനും രൂപപ്പെടുത്താനുമുള്ള ഭാവനയും ഇച്ഛാശക്തിയും സർക്കാറിനും സി.പി.എമ്മിനും ഇല്ലെങ്കിൽ മലബാറിലെ വിദ്യാർഥികൾ തന്നെ അത് രൂപപ്പെടുത്തി സമൂഹത്തോട് നിരന്തരം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവരെ ഒന്ന് കേൾക്കുവാൻ പിണറായി വിജയനും ശിവൻ കുട്ടിയും തയ്യാറായാൽ മതി.

ഉന്നത വിദ്യാഭ്യാസ രംഗത്തും ഈ വിവേചനം നിലനിൽക്കുന്നുണ്ട്. കേരളത്തിലെ 70 ശതമാനത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മലബാറിന് പുറത്താണ്. കോളേജ് വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഏറെ പുറകിലാണ് മലബാർ ജില്ലകൾ. ഒറ്റ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പോലും മലപ്പുറം ജില്ലയിൽ ഇല്ല. ആർട്സ് ആന്‍ഡ് സയൻസ് കോളേജുകളിൽ ന്യൂജൻ കോഴ്സുകൾ അനുവദിക്കുന്നിടത്ത് മലബാറിനോട് ചിറ്റമ്മ നയമാണ് തുടർന്ന് പോരുന്നത്.

വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രഖ്യാപിച്ച സർക്കാർ മെഡിക്കൽ കോളേജുകൾ ഇപ്പോഴും പ്രവർത്തനമാരംഭിച്ചിട്ടില്ല. മലപ്പുറം ജില്ലയിൽ സ്ഥാപിതമായ മഞ്ചേരി മെഡിക്കൽ കോളേജിന് സുഗമമായി പ്രവർത്തിക്കാനുള്ള ഭൂമിയില്ല. 25 ഏക്കറിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്. ജില്ലയിലെ സൗകര്യപദമായ മറ്റൊരു സ്ഥലത്തേക്ക് മെഡിക്കൽ കോളേജ് മാറ്റി സ്ഥാപിക്കുകയും ചികിത്സാ രംഗത്തും ആരോഗ്യ പഠന ഗവേഷണ മേഖലകളിലും മെഡിക്കൽ കോളേജിനെ ശക്തിപ്പെടുത്തുകയും വേണം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ബാഹുല്യം കാരണം വീർപ്പു മുട്ടുകയാണ്. അടിയന്തര സ്വഭാവത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജുകൾ പുനക്രമീകരിച്ചു പുതിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കണം. മലപ്പുറം ജില്ലയിലെ വികസന പ്രശ്നങ്ങളെ സവിശേഷമായി അഭിമുഖീകരിക്കാനുള്ള സത്യസന്ധത സംസ്ഥാന സർക്കാർ കാണിക്കണം. കൂടുതൽ നീതിയുക്തമായ വിഭവ വിതരണത്തിനും ഭരണ സൗകര്യത്തിനും വേണ്ടി മലപ്പുറം ജില്ല വിഭജിച്ചു പുതിയ ജില്ല രൂപീകരിക്കണമെന്നും റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News