'മാപ്പിള ഹാൽ' ഇന്ററാക്ടീവ് വെർച്വൽ എക്‌സിബിഷൻ; മലബാർ മാപ്പിളമാരുടെ പ്രതിരോധ ചരിത്രം ഡിജിറ്റൽ വാളിൽ

അതിമനോഹരവും ഉപയോഗക്ഷമവുമായ ഇന്റർഫേസോടെ തയ്യാറാക്കിയ ഈ സൗജന്യ മൊബൈൽ അപ്ലിക്കേഷൻ പങ്കുവെക്കുന്നത് മലബാർ മാപ്പിളമാരുടെ പ്രതിരോധ സമരത്തിലെ അതുല്യ അധ്യായമാണ്

Update: 2021-12-16 13:19 GMT
Advertising

മലബാറിലെ സുദീർഘ വൈജ്ഞാനിക- സമര പാരമ്പര്യത്തെ ഹാലിളക്കമായും മത ഭ്രാന്തായും ചിത്രീകരിച്ചതിനെതിരെ പുതുസാങ്കേതിക ഭാവങ്ങളിൽ അവതരിപ്പിക്കപ്പെട്ട മാപ്പിളയുടെ അവസ്ഥാന്തരങ്ങളാണ് 'മാപ്പിള ഹാൽ' ഇൻററാക്ടീവ് വെർച്വൽ എകസിബിഷൻ. അതിമനോഹരവും ഉപയോഗക്ഷമവുമായ ഇന്റർഫേസോടെ തയ്യാറാക്കിയ ഈ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ പങ്കുവെക്കുന്നത് മലബാർ മാപ്പിളമാരുടെ പ്രതിരോധ സമരത്തിലെ അതുല്യ അധ്യായമാണ്. മാപ്പിള വേരുകൾ, 1921 , വ്യക്തികൾ, പുരാരേഖകൾ, വാരിയംകുന്നൻ എന്നിങ്ങനെ അഞ്ചു തലക്കെട്ടുകളായി 1921 ൽ ബ്രിട്ടീഷുകാർക്കും അവരുടെ കൂലിപ്പടയാളികൾക്കുമെതിരെ ഒരു ജനത തീർത്ത സമരപോരാട്ടങ്ങളുടെ ധീരസ്മരണകൾ ഡിജിറ്റലായി അവതരിപ്പിച്ചിരിക്കുകയാണ് എസ്‌ഐഒ കേരള.


'മാപ്പിളവേരു'കളെന്ന തലക്കെട്ടിൽ കേരളത്തിലെ ഇസ്‌ലാമിന്റെ ആവിർഭാവ ചരിതവും അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രവും പങ്കുവെക്കുന്നു. മലബാർ ചരിത്രത്തിലല്ല, ഇന്ത്യൻ ചരിത്രത്തിൽ തന്നെ അസാമാന്യ പോരാട്ടം നടന്ന മലബാർ വിപ്ലവത്തിന്റെ സമഗ്രരൂപമാണ് 1921 എന്ന എക്‌സിബിഷനിലൂടെ അവതരിപ്പിക്കുന്നത്. അക്ഷരങ്ങളായും ദൃശ്യങ്ങളായും അവതരിപ്പിക്കപ്പെടുന്ന ഭാഗങ്ങൾ വെർച്വൽ എക്‌സിബിഷന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതാണ്. നവീന സാങ്കേതികതയുടെ മൾട്ടി മീഡിയ സ്വഭാവം പാരമ്പര്യ ബോധത്തിന്റെ പുതുതലമുറ പ്രയാണത്തിന് ഉപയോഗിക്കുമ്പോൾ തലമുറകൾക്കിടയിൽ അറ്റുപോകാത്ത സാംസ്‌കാരിക ശൃംഖല സൃഷ്ടിക്കുകയാണ്.


മലബാർ വിപ്ലവ ചരിത്രത്തിലെ നായകരും പ്രതിനായകരും 'വ്യക്തികൾ' എന്ന ഭാഗത്ത് പ്രതിപാദിക്കപ്പെടുന്നു. ആലി മുസ്‌ലിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മാളു ഹജ്ജുമ്മ, പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാർ, എംപി നാരായണ മേനോൻ, വടക്കേവീട്ടിൽ അമ്മദ്, ആമിനുമ്മാൻറകത്ത് പരീക്കുട്ടി മുസ്‌ലിയാർ, ചെമ്പ്രശ്ശേരി തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, കൊന്നാര സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, കാരാടൻ മൊയ്തീൻ, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാർ, ലവക്കുട്ടി, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ തുടങ്ങിയ പണ്ഡിതരും നേതാക്കളുമടക്കം മലബാർ സമരപോരാട്ടങ്ങളുടെ അമരത്തിരുന്നവരെ ഇവിടെ വായിക്കാം.


വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോയും ചരിത്രവുമൊക്കെ കൂടുതൽ അനാവൃതമാകുന്ന കാലത്ത് മലബാർ വിപ്ലവ ചരിത്രരേഖകളുടെ ശേഖരം തന്നെ പുരാരേഖകൾ എന്ന എക്‌സിബിഷനിൽ കരസ്ഥമാക്കാം. 1921 ൽ മലബാറിന്റെ സുൽത്താനായ വാരിയംകുന്നത്തിന്റെ ചരിത്രം ഒരു എക്‌സിബിഷനായി തന്നെ അനുഭവിക്കാനും ആപ്പിൽ ഇടമുണ്ട്. കാമ്പസ് അലൈവ്, മലബാർ വൈബ്‌സ്, ദി കമ്പാനിയൻ, തൻശിയ, ജിഐഒ കേരള, ഐപിഎച്ച് ബുക്‌സ്, ഇസ്സ ഫെസ്റ്റിവൽ, ഡി ഫോർ മീഡിയ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് എസ്‌ഐഒ ഈ ഡിജിറ്റൽ ചരിത്ര വായന ഒരുക്കിയിരിക്കുന്നത്.



Full View

ഡിസംബർ-15ന് തിരൂർ 'വാഗൺ മസാക്കർ' ഹാളിൽ വെച്ച് ലണ്ടനിൽ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മൻസൂർ ഖാനാണ് ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചിരുന്നത്. മർദ്ദക ഭരണകൂടങ്ങൾ അധികാരം തുടരവേ, ഇത്തരം ഓർമകൾ പ്രചോദനാത്മകമാണെന്ന് അവർ പറഞ്ഞത് അർത്ഥവത്താക്കും വിധമുള്ള ഈ സംരഭം മലബാർ സമരത്തെക്കുറിച്ച സമഗ്രമായ വിവരങ്ങൾ ജനകീയമായിത്തന്നെ എല്ലാവർക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള ദൂരം അധികം അകലെയല്ലെന്നേ ഈ ഡിജിറ്റൽ പ്രദർശനം അനുഭവിച്ചവർക്ക് തോന്നൂ.

'Mappila Hall' Interactive Virtual Exhibition; Mappila's situation in new technological aspects

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News