Writer - രാഗേന്ദു പി.ആർ
Web Journalist
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് ശേഷം മാത്രമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ സ്വീകരിക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും കോടതി അറിയിച്ചു.
സ്‌പെഷ്യല്‍ ലിവ് പെറ്റീഷന്‍ പരിഗണിക്കുന്നത് വരെ എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ റിട്ട് പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ സ്റ്റേ സംബന്ധിച്ച ഹരജി കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഹരജിയില്‍ പിണറായി വിജയനെ സര്‍ക്കാര്‍ വീണ്ടും പിന്തുണച്ചു. പൊലീസിന് പ്രാഥമികാന്വേഷണം നടത്താമെന്നും വിജിലന്‍സിന് മാത്രമേ അന്വേഷിക്കാന്‍ പറ്റു എന്ന് പറയുന്നത് തെറ്റാണെന്നുമാണ് സർക്കാരിന്റെ നിലപാട്.
നേരത്തെ, കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ് ഇട്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സര്‍ക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ.എം ഷാജഹാന്‍ സത്യസന്ധനായ ഹരജിക്കാരന്‍ അല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പ്രതികളുടെ ഹരജിയെ ഇഡി എതിര്‍ത്തു.