മേയർ ഡ്രൈവർ തർക്കം; സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ്

യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകൾ ലഭിച്ചെന്നും പൊലീസ്‌

Update: 2024-05-27 12:05 GMT
Advertising

തിരുവനന്തപുരം: മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ വിഷയത്തിൽ തർക്കമുണ്ടായ ദിവസം പുനരാവിഷ്‌കരിച്ച് പൊലീസ്. ഇതുവഴി ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യത്തെളിവുകൾ ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയം സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്നതിന്റെ സാക്ഷിമൊഴിയും പൊലീസിന് ലഭിച്ചു.

തിരുവനന്തപുരം പ്ലാമൂട് മുതൽ പി.എം.ജി വരെയുള്ള ദൂരം യദു ഓടിച്ചിരുന്ന ബസും മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാറും പോയ അതേ രീതിയിൽ പൊലീസും സഞ്ചരിച്ചു. യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചത് കാറിന്റെ വിൻഡോയിൽക്കൂടി നോക്കിയാൽ കാണാമെന്നാണ് പൊലീസ് ഭാഷ്യം. മേയർ ഇത് കണ്ടെന്ന് പറയുന്ന അതേ സ്ഥലത്ത് വെച്ച് പൊലീസ് ഇത് പരിശോധിച്ചു. ഇതിനായി മറ്റൊരു കെ.എസ്.ആർ.ടി.സി ബസും മേയറുടെ കാറും ഉപയോഗിച്ചു.

ഇതാണ് യദു ആംഗ്യം കാണിച്ചതിന് സാഹചര്യത്തെളിവായി പൊലീസ് പറയുന്നത്. മേയറുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവായി ഇത് കോടതിയിൽ സമർപ്പിക്കും. എന്നാൽ ആംഗ്യം കാണിച്ചെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളോ സാക്ഷിമൊഴിയോ ഇതുവരെ ലഭിച്ചിട്ടില്ല.

ഇതിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് ബസിൽ കയറിയതിന് സാക്ഷിമൊഴി പൊലീസിന് ലഭിച്ചു. ബസിൽക്കയറി യദുവിനോട് ബസ് തമ്പാനൂർ ഡിപ്പോയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞതായുള്ള സാക്ഷിമൊഴികളാണ് ലഭിച്ചത്. ബസിലെ യാത്രക്കാരും കണ്ടക്ടർ സുബിനുമാണ് മൊഴികൾ നൽകിയത്. ഒപ്പം കണ്ടക്ടർ ഇത് ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി അന്വേഷണ റിപ്പോർട്ടും തുടർന്ന് കുറ്റപത്രവും സമർപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News