'കാണാനില്ല എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും, പക്ഷേ മുങ്ങി എന്നൊക്കെ പറഞ്ഞാല്‍..' പി.വി അന്‍വര്‍

'ഞായറാഴ്ചകളില്‍‌ വരെ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്'

Update: 2021-08-22 06:03 GMT

നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എ മുങ്ങിയെന്നും അപ്രത്യക്ഷനായെന്നുമുള്ള തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത ഭാഷയില്‍ പി.വി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി അന്‍വര്‍ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെയടക്കം രൂക്ഷമായി വിമര്‍ശിച്ചത്. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറുടെ തന്തയാണെന്നായിരുന്ന അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.

എം.എല്‍.എയെ കാണാനില്ലെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടന്നതിന് പിന്നാലെ ടിവി ചാനലില്‍ ആദ്യ പ്രതികരണവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആഫ്രിക്കയിലെ സിയറ ലിയോണിൽ നിന്ന് മീഡിയാ വണിന് പ്രത്യേകമായി അനുവദിച്ച അഭിമുഖത്തിലായിരുന്നു അന്‍വറിന്‍റെ പ്രതികരണം. കാണാനില്ലെന്ന തരത്തില്‍ പ്രചരിപ്പിച്ച വാര്‍ത്തകളില്‍ പ്രകോപനപരമായി പ്രതികരിക്കാനുണ്ടായ കാരണവും അന്‍വര്‍ വ്യക്തമാക്കി.

Advertising
Advertising

പി.വി അന്‍വര്‍ മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന്

കാണാനില്ല എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. പക്ഷേ വാര്‍ത്ത വന്നത് എങ്ങനെയാണ്..? പിവി അന്‍വര്‍ മുങ്ങി, ഫോണ്‍ സ്വിച്ച് ഓഫ്, ആഫ്രിക്കയിലാണെന്ന് സംശയം എന്നൊക്കെയാണ്. ഞായറാഴ്ചകളില്‍‌ വരെ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകള്‍ക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാന്‍ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങള്‍ ബുദ്ധിമുട്ടരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തത്. 
ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്. മൂന്ന് മാസത്തേക്ക് പാര്‍ട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാർത്തകൾ നൽകിയ മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയത്.  ആഫ്രിക്കയിലെ സിയറ ലിയോണ്‍ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോള്‍, ഇവിടെ സ്വര്‍ണ ഖനനത്തിലാണ്. സാമ്പത്തിക ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വരേണ്ടി വന്നത്. യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണിയെന്നേ അവരോട് പറയാനുള്ളൂ
Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News