ഹോട്ടൽ വ്യാപാരിയുടെ കൊലപാതകം: ഒരാൾകൂടി കസ്റ്റഡിയിൽ; പിടിയിലായത് ഫർഹാനയുടെ സുഹൃത്ത് ആഷിഖ്

കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ്

Update: 2023-05-26 07:27 GMT
Editor : Lissy P | By : Web Desk

മലപ്പുറം: ഹോട്ടല്‍ വ്യാപാരിയെ കൊന്ന് ട്രോളി ബാഗിലാക്കി ചുരത്തിൽ തള്ളിയ കേസിൽ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയിൽ . ചെന്നൈയിൽ നിന്ന് അറസ്റ്റിലായ ഫർഹാനയുടെ സുഹൃത്ത് ആഷിഖിനെയാണ് ചെർപ്പുളശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടക്കുന്ന സമയത്ത് ആഷിഖ് കോഴിക്കോട്ടെ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പണം പിൻവലിക്കുമ്പോഴും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇതോടെ കേസിൽ നേരിട്ട് പങ്കുള്ള മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായി.

അതേസമയം, മൃതദേഹം ഉപേക്ഷിച്ചെന്ന്കരുതുന്ന ട്രോളി ബാഗ് പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പിടിയിലായ ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനക്കും വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന്  സിദ്ധിഖിന്റെ ബന്ധുക്കളും സംശയം പറഞ്ഞിരുന്നു.

Advertising
Advertising

ഈ മാസം 18 നാണ് തിരൂർ സ്വദേശിയായ സിദ്ധീഖ് ഒടുവിൽ വീട്ടിൽ നിന്ന് പോയത്.അന്ന് വൈകീട്ട് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഷിബിലിയെയും ഫർഹാനയെയും പിടികൂടിയത്.

പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News