നന്ദിനി പാല്‍ കേരളത്തില്‍ വില്‍ക്കുന്നതിനെതിരെ മില്‍മ

അമൂല്‍ കര്‍ണാടകയില്‍ വരുന്നത് നന്ദിനി എതിര്‍ക്കുന്നു. കച്ചവടത്തില്‍ നൈതികത വേണമെന്ന് മില്‍മ ചെയര്‍മാന്‍

Update: 2023-04-18 01:27 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കേരളത്തില്‍ പാല്‍ വില്‍ക്കുന്നതിനെതിരെ മില്‍മ രംഗത്ത്. അമൂലിനെ കര്‍ണാടകയില്‍ എതിര്‍ക്കുന്നവര്‍ കേരളത്തില്‍ അതേകാര്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. തീരുമാനം പുനപ്പരിശോധിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് മില്‍മ കടക്കും.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ അന്തര്‍സംസ്ഥാനതലത്തില്‍ കച്ചവടം ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് പാല്‍ വില്‍ക്കുന്ന രീതി ഇതുവരെ സഹകരണ സ്ഥാപനങ്ങൾ തമ്മിലുണ്ടായിരുന്നില്ല. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെന്ന ബ്രാന്‍ഡ് കേരളത്തിലും നേരിട്ട് പാല്‍ വിതരണം ചെയ്യുന്നതാണ് മില്‍മയെ ചൊടിപ്പിച്ചത്.

അമൂല്‍ കര്‍ണാടകയില്‍ വരുന്നത് നന്ദിനി എതിര്‍ക്കുന്നു. അതേ നന്ദിനി കേരളത്തില്‍ ലിക്വിഡ് പാല്‍ വില്ക്കുന്നു, കച്ചവടത്തില്‍ നൈതികത വേണമെന്ന് മില്‍മ ചെയര്‍മാന്‍  കെ.എസ് മണി പറഞ്ഞു. ദിവസവും 2.5ലക്ഷം ലിറ്റര്‍ പാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ വാങ്ങുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നാണ്. ചില്ലറ കച്ചവടത്തിന് വേണ്ടി ഇത്രയും അധികം പാല്‍ വാങ്ങുന്ന മില്‍മയെ പിണക്കണമോയെന്നും മില്‍മ ചെയര്‍മാന്‍ ചോദിച്ചു.

നന്ദിനി കര്‍ണാടകയില്‍ നിന്ന് ശേഖരിക്കുന്ന പാല്‍ ദിനംപ്രതി കേരളത്തില്‍ വില്‍ക്കുമ്പോള്‍ ഗുണനിലവാരം കുറയുമെന്ന ആശങ്കയും മില്‍മ ചെയര്‍മാന്‍ പങ്കുവെച്ചു. സഹകരണ തത്വങ്ങള്‍ക്ക് എതിരായ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മില്‍മ, കെഎംഎഫിന് കത്തയച്ചിട്ടുണ്ട്. ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ ഈ വിഷയം ഉന്നയിക്കാനാണ് മില്‍മയുടെ തീരുമാനം.

കേരളത്തിലേയും കര്‍ണാകടകയിലേയും സഹകരണവകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച നടത്താനും ആലോചനയുണ്ട്. ഗുജറാത്ത് സര്‍ക്കാറിന് കീഴിലുള്ള സഹകരണ സ്ഥാപനമായ അമൂല്‍, കര്‍ണാടകയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പാണ് കര്‍ണാടകയിലുള്ളത്. കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡായ നന്ദിനിയെ ഇല്ലതാക്കാന്‍ ബിജെപി അമൂലിനെ  ഉപയോഗിക്കുകയാണെന്ന വിമർശനം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തു കോണ്‍ഗ്രസ് ഉയർത്തുന്നുണ്ട് .

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News