'റീൽസ് തുടരും...'; ദേശീയപാത വിട്ട് വൈത്തിരി റോഡിന്റെ റീലുമായി മന്ത്രി റിയാസ്
എത്ര വിമർശനങ്ങൾ ഉണ്ടായാലും സമൂഹമാധ്യമങ്ങളിലൂടെ റീലുകൾ തുടരുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോഴിക്കോട്: ദേശീയപാത നിർമാണത്തിലെ അപാകതകൾ വിവാദമാവുന്നതിനിടെ പുതിയ റീലുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയപാതയുടെ പല ഭാഗങ്ങളിലും വിള്ളലുകൾ ഉണ്ടാവുകയും റോഡ് ഇടിയുകയും ചെയ്തതോടെ മന്ത്രിക്കും സർക്കാരിനുമെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വയനാട് വൈത്തിരി തരുണ റോഡിന്റെ വീഡിയോ ആണ് പുതിയ റീലിൽ മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്.
''റീൽസ് തുടരും...വികസനവും തുടരും...ഇത് വയനാട് ജില്ലയിലെ വൈത്തിരി തരുണ റോഡ്. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ബാണാസുര സാഗർ ഡാം വഴി പോകുന്ന ഈ റോഡ് എൽഡിഎഫ് സർക്കാർ 63.90 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്''-മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എത്ര വിമർശനങ്ങൾ ഉണ്ടായാലും സമൂഹമാധ്യമങ്ങളിലൂടെ റീലുകൾ തുടരുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. അത്തരം റീൽസുകൾ ജനങ്ങൾ ഏറ്റെടുക്കുന്നത് എതിർക്കുന്നവർക്ക് തലവേദനയാണ്. റീൽ ഇടുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ദേശീയപാത 66-ൽ സംസ്ഥാന സർക്കാരിന്റെ പങ്ക് എന്താണെന്ന് നേരത്തെ വിശദീകരിച്ചതാണ്. കോൺഗ്രസും ബിജെപിയും അത് ഉൾക്കൊള്ളാത്തതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. നിർമാണത്തിലുള്ള ഭാഗം ഇടിഞ്ഞതിൽ പ്രതിഷേധിച്ച് നിർമാണം പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയനീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.