'നിർദേശങ്ങൾ പാലിക്കാത്ത മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കും'; മീഡിയവൺ വാർത്തയിൽ ഇടപെട്ട് ആരോഗ്യമന്ത്രി

വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവണിന് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു

Update: 2024-01-16 05:10 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നുവെന്ന മീഡിയവൺ വാർത്തയിൽ ഇടപെടലുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. നിർദേശങ്ങൾ പാലിക്കാത്ത മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വാർത്ത പുറത്തുകൊണ്ടുവന്ന മീഡിയവണിന് മന്ത്രി അഭിനന്ദനം അറിയിച്ചു.

''ആദ്യം തന്നെ മീഡിയവണിനു പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. നന്ദിയും പറയുന്നു. ഇത് ഗുരുതരമായൊരു വിഷയമാണ്. കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകൾ നൽകരുതെന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ സ്റ്റോറുകളിലെല്ലാം ഡ്രഗ് കൺട്രോളർ പ്രത്യേക ബോധവൽക്കരണം നടത്തിയിട്ടുണ്ട്. എല്ലാ സ്‌റ്റോറിലും അതുമായി ബന്ധപ്പെട്ട സ്റ്റിക്കർ ഒട്ടിക്കാനും നിർദേശിച്ചിട്ടുണ്ട്.''-മന്ത്രി പ്രതികരിച്ചു.

മീഡിയവൺ വാർത്ത ഗൗരവമായി തന്നെ പരിശോധിക്കും. പുതിയ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യാപകമായ പരിശോധന നടത്തും. ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് നടത്താനും തീരുമാനമായിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണമാണു ലഭിച്ചത്. പൊതുജനങ്ങളും ഇക്കാര്യത്തിൽ ഇടപെടണമെന്നും മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന ആരോഗ്യമന്ത്രിയുടെ നിർദേശം പാലിക്കപ്പെടുന്നില്ലെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മീഡിയവൺ പുറത്തുവിട്ടത്. ഏത് ആന്റിബയോട്ടിക്കുകൾ ചോദിച്ചാലും മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങാം. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മെഡിക്കൽ സ്റ്റോറുകളുടെ മുന്നിൽ ആരോഗ്യവകുപ്പിന്റെ നിർദേശം പോലും എഴുതി ഒട്ടിച്ചിട്ടില്ല.

Full View

ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്‌സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്‌സിലിനും യൂറിനറി ഇൻഫെക്ഷന് കഴിക്കുന്ന സിപ്രോഫ്‌ലോക്‌സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാം. ഇതിനൊന്നും ഒരു ഡോക്ടറുടെയും കുറിപ്പടി വേണ്ടെന്ന സ്ഥിതിയാണ്. ഏറ്റവും കൂടുതൽ പേർ ചികിത്സതേടിയെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിലെ മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നിലാണ് നിർദേശങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നതെന്നായിരുന്നു മീഡിയവൺ അന്വേഷണത്തിൽ കണ്ടെത്തിയത്.

Summary: Health Minister Veena George has intervened in the MediaOne news that antibiotics are being given without prescription. The minister clarified that licenses of medical stores that do not follow the instructions will be cancelled. The minister congratulated MediaOne for breaking the news

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News