രാഹുലിനെതിരെ പരാതി: അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാർ
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അതിജീവിത എംഎൽഎക്കെതിരെ പരാതി നൽകിയത്.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും. 'പ്രിയപ്പെട്ട സഹോദരീ, തളരരുത്, കേരളം നിനക്കൊപ്പ'മെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 'വീ കെയർ' എന്നാണ് വി. ശിവൻകുട്ടിയുടെ എഫ്ബി പോസ്റ്റ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അതിജീവിത എംഎൽഎക്കെതിരെ പരാതി നൽകിയത്. ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പുതിയ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിത പരാതി നൽകിയത്. ഫോൺ രേഖകളും മറ്റ് തെളിവുകളും പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
പരാതി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ലൈംഗികാരോപണത്തിൽ രാഹുലിനെതിരെ കൂടുതൽ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കുറേക്കാലമായി യുവതി മാനസികമായി സമ്മർദത്തിലായിരുന്നു. അധിക്ഷേപവും അക്രമങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ തീരുമാനിച്ചത്.
രാഹുലും പെൺകുട്ടിയും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. കുഞ്ഞിനെ വേണമെന്ന് രാഹുൽ പറയുന്ന ചാറ്റും ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയുമാണ് പുറത്തുവന്നത്.