മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണോ ന്യൂനപക്ഷ സെല്ലും വകുപ്പും? മുന്‍ മുഖ്യമന്ത്രി വി.എസ് നിയമസഭയില്‍ പറഞ്ഞത്‌..

മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ന്യൂനപക്ഷ സെല്ലും ന്യൂനപക്ഷ വകുപ്പും സ്ഥാപിക്കാനുള്ള പാലോളി കമ്മിറ്റി ശിപാർശയെക്കുറിച്ച് രേഖാമൂലം വിശദീകരിക്കുന്നത്

Update: 2021-07-20 14:08 GMT
Editor : ubaid | By : Web Desk

മുസ്‍ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കാനും അതിന് മുന്നോടിയായി ന്യൂനപക്ഷ സെൽ സ്ഥാപിക്കാനും പാലോളി കമ്മിറ്റി ശിപാർശ ചെയ്തിരിക്കുന്നത് എന്ന് മുതിർന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ന്യൂനപക്ഷ സെല്ലും ന്യൂനപക്ഷ വകുപ്പും സ്ഥാപിക്കാനുള്ള പാലോളി കമ്മിറ്റി ശിപാർശയെക്കുറിച്ച് രേഖാമൂലം വിശദീകരിക്കുന്നത്. പാലോളി കമ്മിറ്റി എല്ലാ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയും പരിഹരിക്കാനാണ് ശിപാർശ നൽകിയതെന്ന സി പി എമ്മിന്റെ വ്യാഖ്യാനങ്ങൾക്കിടെയാണ് വി എസിന്റെ കാലത്തെ നിയമസഭാ രേഖ പുറത്തുവരുന്നത്.

Advertising
Advertising


 



പന്ത്രണ്ടാം കേരള നിയമസഭയുടെ എട്ടാം സെഷനിലാണ് പാലോളി കമ്മിറ്റി റിപ്പോർട്ടിനെ പറ്റി നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരുടെ ചോദ്യമുയർന്നത്. മുസ്‍ലിം ലീഗ് എം.എൽ.എമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, കെ മുഹമ്മദുണ്ണി ഹാജി എന്നിവരാണ് മുഖ്യമന്ത്രിയോട് ഇക്കാര്യത്തിൽ മറുപടി ആവശ്യപ്പെട്ടത്. മറുപടിക്കൊപ്പം നൽകിയ രേഖയിൽ പാലോളി കമ്മിറ്റിയുടെ പ്രധാന ശിപാർശകളിലൊന്നായി വി.എസ് അച്യുതാനന്ദൻ പറയുന്നത് ഇങ്ങനെ: 'മുസ്‍ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളുടെ ഭാഗമായി വകുപ്പ് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ന്യൂനപക്ഷ ക്ഷേമ സെൽ രൂപീകരിക്കുക.' ഇത് വിശദീകരിച്ച ശേഷം സെക്രട്ടേറിയറ്റിൽ ന്യൂനപക്ഷ സെൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും വി എസ് അച്യുതാനന്ദൻ വിശദീകരിക്കുന്നു. ഇതിന്റെ തുടർച്ചയായി, ന്യൂനപക്ഷ വകുപ്പ് ആരംഭിക്കുന്ന കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്നും വി.എസ് പറയുന്നുണ്ട്.



പാലോളി കമ്മീഷൻ റിപ്പോർട്ടിൽ ന്യൂനപക്ഷ വകുപ്പും അതിന്റെ മുന്നോടിയായി ന്യൂനപക്ഷ സെല്ലും രൂപീകരിക്കുന്നതിനെക്കുറിച്ച് പറയുന്ന അതേ വാചകങ്ങൾ തന്നെയാണ് അന്നത്തെ മുഖ്യമന്ത്രിയും തന്റെ മറുപടിയിൽ ആവർത്തിക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് രൂപം നൽകുകയും വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാനമായ കാര്യങ്ങളെ ഈ വകുപ്പിലേക്ക് ഏകോപിപ്പിക്കുകയും ചെയ്യണമെന്നും പാലോളി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News