'അയ്യപ്പസംഗമ മാതൃകയിലല്ല ന്യൂനപക്ഷ സംഗമം'; വിശദീകരണവുമായി സര്‍ക്കാര്‍, പരിഹാസവുമായി പ്രതിപക്ഷനേതാവ്

എല്ലാമതങ്ങളുടെയും ജാതികളുടെയും പേരിൽ സംഗമം നടത്തേണ്ടി വരുമെന്ന് വി.ഡി സതീശൻ പറഞ്ഞു

Update: 2025-09-12 07:40 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ന്യൂനപക്ഷസംഗമത്തില്‍ വിശദീകരണവുമായി സർക്കാർ.ന്യൂനപക്ഷ സംഗമം അടുത്തമാസം നടക്കുന്ന 33 സെമിനാറുകളുടെ ഭാഗം. അയ്യപ്പസംഗമ മാതൃകയിലല്ല ന്യൂനപക്ഷ സംഗമം. വിഷന്‍ 2031 എന്നതാണ് മുദ്രാവാക്യമെന്നും വിശദീകരണം.

അയ്യപ്പ സംഗമം പോലെ ന്യൂനപക്ഷ സംഗമവും സർക്കാർ സംഘടിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് സർക്കാരിന്‍റെ വിശദീകരണം. ന്യൂനപക്ഷ സംഗമം അല്ല നടത്തുന്നതെന്നും വിവിധ വകുപ്പുകളുടെ സെമിനാർ ആണെന്നും സർക്കാർ വിശദീകരിക്കുന്നു. 2031 -ൽ കേരളം എങ്ങനെയായിരിക്കണം വികസനത്തിന്റെ പ്രധാന മേഖലകളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് സെമിനാർ.

Advertising
Advertising

ഒക്ടോബർ ഒന്നുമുതൽ 30 വരെയുള്ള തീയതികളിൽ എല്ലാ വകുപ്പുകളുടെയും സെമിനാർ വിവിധ ജില്ലകളിലായി നടക്കും. ഇതിന്‍റെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിനെയാണ് സംഗമം ആക്കി ചിത്രീകരിക്കുന്നതെന്നും സർക്കാർ പറയുന്നു. ന്യൂനപക്ഷ വകുപ്പിന്റെ സെമിനാർ എറണാകുളത്തും കായിക വകുപ്പിന്റെത് മലപ്പുറത്തും സംഘടിപ്പിക്കും. ഇതേ മാതൃകയിൽ തന്നെയായിരിക്കും മറ്റ് വകുപ്പുകളുടെയും സെമിനാറുകൾ.

സെമിനാറിനായി മൂന്നുലക്ഷം രൂപ വരെ വകുപ്പിന് ഉപയോഗിക്കാം. സെമിനാറിന് ശേഷം സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണം. സെമിനാറിൽ ആയിരം പേരെ വരെ പങ്കെടുപ്പിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ സെമിനാറിന്റെ ഭാഗമാക്കും. ഇതിനെ ന്യൂനപക്ഷ സംഗമമായി ചിത്രീകരിക്കേണ്ടെന്നും സർക്കാർ പറയുന്നു.

അതേസമയം,തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സർക്കാർ ന്യൂനപക്ഷ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.ന്യൂനപക്ഷ സംഗമം , അയ്യപ്പ സംഗമം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണ്. എല്ലാമതങ്ങളുടെയും ജാതികളുടെയും പേരിൽ സംഗമം നടത്തേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News