ന്യൂനപക്ഷ സ്കോളർഷിപ്പ്: ഒന്നര ലക്ഷം പേര്‍ക്ക് മാര്‍ച്ച് 31നകം നല്‍കുമെന്ന് മന്ത്രി

മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പിനായി ഓണ്‍ലൈനായി അപേക്ഷിക്കാം

Update: 2025-02-27 09:35 GMT

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ മാർച്ച് 31നകം ഒന്നര ലക്ഷം പേര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി വി. അബ്ദുറിമാന്‍. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 42.52 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യുമെന്നും അറിയിച്ചു.

മാര്‍ഗ്ഗദീപം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ലോഞ്ചിങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ കെ. സുധീര്‍ അധ്യക്ഷനായിരുന്നു.

സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ താല്‍ക്കാലികമായി അധിക ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു.

Advertising
Advertising

കേന്ദ്ര സര്‍ക്കാര്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന മാര്‍ഗ്ഗദീപം എന്ന പേരില്‍ പുതിയ സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത്. 20 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതിനു പുറമേ 11 സ്‌കോളര്‍ഷിപ്പുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികള്‍ക്കായി വിതരണം ചെയ്യുന്നത്. അതിനായി 22.52 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു.

മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പിനായി ഇന്നു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സി-ഡിറ്റ് ആണ് അപേക്ഷയ്ക്കുള്ള വെബ് പോര്‍ട്ടല്‍ (margadeepam.kerala.gov.in) തയ്യാറാക്കിയത്. അര്‍ഹരായ വിദ്യാർഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News