'കോലം കത്തിച്ചത് എന്നെ കത്തിച്ചതുപോലെ,കത്തിച്ചവരെ അറിയാം'; ഡിസിസിക്കെതിരെ എം.കെ രാഘവന്‍

ഇളക്കി വിടുന്നവരെ തനിക്ക് അറിയാം

Update: 2024-12-10 05:06 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട്  തന്‍റെ കോലം കത്തിച്ചത് തന്നെ കത്തിച്ചതിന് തുല്യമാണെന്ന് എം.കെ രാഘവന്‍ എംപി. കോലം കത്തിച്ചത് കോണ്‍ഗ്രസുകാരാണ്. ഇളക്കി വിടുന്നവരെ തനിക്ക് അറിയാം. പേര് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ സഹകരണ കോളജ് സ്ഥാപിച്ചത് താനാണ്. ഈ കോളജ് നശിപ്പിക്കാൻ നീക്കം നടക്കുന്നു. തന്നെ വ്യക്തിഹത്യ നടത്താനുള്ള നീക്കമാണിത്. തന്‍റെ കൈകള്‍ പരിശുദ്ധമാണ്. ഡിസിസി പ്രസിഡന്‍റ് മാർട്ടിന് കാര്യങ്ങൾ മനസിലാകാത്തത് കൊണ്ടാണ് ബോർഡ് ഡയറക്ടർമാരെ സസ്പെൻഡ് ചെയ്തത്. തന്നെ മാർട്ടിൻ ബന്ധപ്പെട്ടില്ല. സസ്പെൻഷൻ ശരിയല്ല. തെറ്റ് തിരുത്താൻ ഡിസിസി പ്രസിഡന്‍റ് തയാറാകണം. നേരിട്ടുള്ള ബന്ധം ഉള്ള ആളെ നിയമിച്ചിട്ടില്ല. നിയമനത്തിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാർ ആവശ്യപ്പെട്ടാൽ കോളജ് വിട്ടുകൊടുക്കും. സർക്കാരിന് വിട്ടുകൊടുക്കുന്നതിൽ എന്താണ് തെറ്റ്? ഡിസിസി പ്രസിഡന്‍റ് ചെയ്യുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമ്മതിച്ചുവെന്നും രാഘവന്‍ വ്യക്തമാക്കി.

Advertising
Advertising

തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‍സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോളജിൽ നാല് അനധ്യാപക തസ്തികകൾ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇന്റർവ്യൂ നടത്തിയത് താനല്ല, ജോയിന്‍റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണ് ഉണ്ടായിരുന്നത്. ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി.

ഓഫീസ് അറ്റൻഡന്‍റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേർ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. അങ്ങനെ ഒരാൾ ഉണ്ടായിരുന്നില്ല.

മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഈ ഓഫിസ് അറ്റൻഡന്‍റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നൽകിയില്ലെങ്കിൽ കോടതിയിൽ പോയാൽ തിരിച്ചടിയുണ്ടാകുമെന്നും എംപി വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News