മോക്ഡ്രിൽ അപകടം; അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാതെ സർക്കാർ

മോക്ഡ്രില്ലുമായി ബന്ധപ്പെട്ട വീഴ്ചകൾ മറക്കാൻ ഉന്നത തല ഇടപെടൽ നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു

Update: 2023-01-04 11:39 GMT

പത്തനംതിട്ട: പത്തനംതിട്ടയിൽ മോക്ഡ്രിൽ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാതെ സർക്കാർ. ഡിസംബർ 30നാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശം നല്കിയത്. എന്നാൽ സംഭവം നടന്നിട്ട് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചിട്ടില്ല

മോക്ഡ്രില്ലുമായി ബന്ധപ്പെട്ട വീഴ്ചകൾ മറക്കാൻ ഉന്നത തല ഇടപെടൽ നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.ജില്ലയിലെ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കലക്ടറുടെ ഭാഗത്തുനിന്നുപോലും വീഴ്ചകളുണ്ടായതായി ആരോപണമുയർന്നിട്ടുണ്ട്. ഇത് മറച്ചുപിടിക്കുന്നതിനും ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നും പരാതികളുണ്ടായിരുന്നു. 

Advertising
Advertising

ബിനു സോമന്റെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നേരത്തെ മനുഷ്യാവകാശ കമ്മീഷനും അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ, തിരുവല്ല സബ് കലക്ടർ നടത്തിയ പ്രാഥമികാന്വേഷണത്തിനപ്പുറം തുടർ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധവുമുയർന്നു. 

അതേസമയം മരിച്ച ബിനു സോമന്റെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നാണ് പണം അനുവദിക്കുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എന്നാലിത് വീഴ്ചകള് മറച്ച് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് നാട്ടുകാരുടെ ആരോപണം.


ബിനുസോമന്റെ മരണത്തിനിടയാക്കിയ അപകടം സംബന്ധിച്ച് നേരത്തെ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിവിധ മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്വേഷണം നീണ്ട് പോകുന്നത് തങ്ങളുടെ ആരോപണങ്ങളെ ശക്തിപ്പെടുത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. 




Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News