' മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ശക്തരാവുകയും ചെയ്തവരാണ് നമ്മള്‍, രക്ഷാപ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട്'; മോഹന്‍ലാല്‍

ദുരന്തഭൂമിയില്‍ ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ അഭിനന്ദിച്ച് മോഹന്‍ലാല്‍

Update: 2024-08-02 06:59 GMT
Editor : Jaisy Thomas | By : Web Desk

വയനാട്: ഉരുള്‍കവര്‍ന്നെടുത്ത മുണ്ടക്കൈയില്‍ രാപകല്‍ വ്യത്യാസമില്ലാതെ കൈ മെയ് മറന്നു പ്രവര്‍ത്തിക്കുകയാണ് സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍. വാക്കുകള്‍ക്ക് അതീതമാണ് അവരുടെ പ്രവര്‍ത്തനം. കട്ടച്ചെളിയും വലിയ പാറക്കല്ലുകളും നിറഞ്ഞ ദുരന്തഭൂമിയില്‍ ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ അഭിനന്ദിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. രക്ഷാപ്രവര്‍ത്തകരുടെ അര്‍പ്പണബോധത്തിന് ബിഗ് സല്യൂട്ട് എന്ന് താരം എക്സ് അക്കൗണ്ടില്‍ കുറിച്ചു.

''വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനിക സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുന്നില്‍ നിന്ന എൻ്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിൻ്റെ പ്രയത്നങ്ങൾക്കും നന്ദി. നമ്മള്‍ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു. ജയ് ഹിന്ദ്'' മോഹന്‍ലാല്‍ കുറിച്ചു.

Advertising
Advertising

അതേസമയം നാലാം ദിവസവും മുണ്ടക്കൈയില്‍ തിരച്ചില്‍ തുടരുകയാണ്. 291 പേരാണ് ഇതുവരെ മരിച്ചത്. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. വയനാട്ടില്‍ 91 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News