ബസ് യാത്രക്കിടെ പഴ്‌സിൽ നിന്നും പണം മോഷ്ടിച്ചു; പ്രതികളെ സിനിമാ സ്‌റ്റൈലിൽ പിടികൂടി വീട്ടമ്മ

സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ പഴ്സ് നോക്കിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്

Update: 2023-06-16 07:52 GMT
Editor : Lissy P | By : Web Desk

കോട്ടയം: ബസ് യാത്രക്കിടെ പഴ്സിൽ നിന്നും പണം മോഷ്ട്ടിച്ചവരെ വീട്ടമ്മ സിനിമാ സ്റ്റൈലിൽ പിടികൂടി. ഓട്ടോറിക്ഷയിൽ പിന്നാലെപോയി ബസ് തടഞ്ഞു നിർത്തി രണ്ടു നാടോടി സ്ത്രീകളെ പിടികൂടി പൊലീസിന് കൈമാറി. കോട്ടയം തിരുവാർപ്പിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.

തിരുവാർപ്പ് പുള്ളാശേരി സ്വദേശിനി അശ്വിനിയുടെ ബാഗിൽ നിന്നുമാണ് ബസ് യാത്രക്കിടയിൽ 2400 രൂപ മോഷണം പോയത്. കോട്ടയത് നിന്ന് കുമരകത്തേക്ക് പോകുന്ന ബസിലാണ് സംഭവം. ചാലുകുന്നിൽ നിന്ന് ബസില്‍ കയറിയ  അശ്വിനി ഇല്ലിക്കൽ കവലയിൽ ഇറങ്ങി. കടയിൽ കയറി സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ പഴ്സ് നോക്കിയപ്പോഴാണ് പണം അപഹരിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

Advertising
Advertising

ബസ് യാത്രക്കിടെ മാസ്ക് ധരിച്ച രണ്ടു സ്ത്രീകളെ അശ്വിനി ശ്രദ്ധിച്ചിരുന്നു. ഇവരാകാം മോഷണം നടത്തിയത് എന്ന നിഗമനത്തിൽ  ഓട്ടോറിക്ഷ വിളിച്ച് ബസിന് പിന്നാലെ പോവുകയായിരുന്നു. ബസ് മരുതന കലുങ്കിന് സമീപം എത്തിയപ്പോൾ തടഞ്ഞു. തുടർന്ന് അശ്വിനി സംശയമുണ്ടായിരുന്നു രണ്ടു സ്ത്രീകളെ പരിശോധിച്ചു. ഈ സമയം കൈവശമുണ്ടായിരുന്ന പണം ഇവർ ബസിലിട്ടു. ഇതോടെ പ്രതികൾ പിടിയിലായി.

സ്ഥലത്തെത്തിയ കുമരകം പൊലീസ് രണ്ടു സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശിനികളായ ദേവസേന, നന്ദിനി എന്നിവരാണ് പിടിയിലായത്. ഇതേ ബസിൽ നിന്നും മറ്റൊരു പേഴ്സ് കൂടി പൊലീസിന് ലഭിച്ചു. ഇതും ഇവർതന്നെ മറ്റെവിടെനിന്നെങ്കിലും മോഷ്ടിച്ചതാകാം എന്നാണ് നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News