മോൻസൺ കേസ്: ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വിമര്‍ശിച്ച് പോസ്റ്റിട്ട തൊടുപുഴ മുന്‍ മജിസ്ടേറ്റ് എസ് സുദീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു

Update: 2021-12-17 10:47 GMT
Editor : ijas

മോൻസൺ കേസിൽ ക്രൈം ബ്രാഞ്ചും ഇ.ഡിയും സഹകരിച്ചു അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ഇ.ഡി സാമ്പത്തിക വിഷയങ്ങൾ അന്വേഷിക്കണമെന്നും ക്രൈം ബ്രാഞ്ച് മറ്റു കാര്യങ്ങൾ അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര-സംസ്ഥാന വിഷയമായി അന്വേഷണത്തെ കാണണ്ടതില്ലെന്നും കോടതി അറിയിച്ചു. മോൻസൻ മാവുങ്കലിന് വേണ്ടി പൊലീസ് പീഡിപ്പിക്കുന്നു എന്ന് കാണിച്ച് മുൻ ഡ്രൈവർ അജി നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഈ ഹർജി തീർപ്പാക്കണമെന്ന പൊലീസിന്‍റെ ആവശ്യം രൂക്ഷമായ വിമർശനത്തോടെ കഴിഞ്ഞതവണ ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ ഐ.ജി ലക്ഷ്മണന് എതിരെ കേസെടുത്തോ എന്ന കോടതിയുടെ ചോദ്യത്തോട് ഇല്ലെന്ന് അറിയിച്ച സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുമ്പോൾ ആവശ്യമെങ്കിൽ നടപടി എടുക്കുമെന്നും വ്യക്തമാക്കി. മോൺസണെ സഹായിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു.

Advertising
Advertising

അതെ സമയം മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വിമര്‍ശിച്ച് പോസ്റ്റിട്ട തൊടുപുഴ മുന്‍ മജിസ്ടേറ്റ് എസ് സുദീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. മോൻസനെ സംരക്ഷിക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് നിരീക്ഷിച്ച കോടതി ഈ വ്യക്തിക്ക് ഈ കേസുമായി എന്തോ ബന്ധമുണ്ടെന്നും വ്യക്തമാക്കി.

അഭിപ്രായം പറയുന്നതിൽ എതിർപ്പില്ല. ഇദ്ദേഹം നീതിന്യായ വ്യവസ്ഥയിൽ ഇടപെടാൻ ശ്രമിക്കുകയാണ്. ഈ മുൻ മജിസ്‌ട്രേറ്റിന്‍റെ താല്‍പര്യം അന്വേഷിക്കാൻ കഴിയുമോ എന്ന് ചോദിച്ച കോടതി സംഭവത്തില്‍ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നല്‍കി. അതെ സമയം ഈ വ്യക്തിക്കെതിരെ കോടതി അലക്ഷ്യം എടുത്തു മഹത്വവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News