ശബരിമലയിൽ കൂടുതൽ ഇളവുകൾ; കരിമല പാത തുറക്കും, ആകെ 60,000 പേർക്ക് പ്രവേശനം

നാളെ മുതൽ മുൻകാല രീതിയിൽ നെയ്യഭിഷേകവും നടത്താം

Update: 2021-12-19 14:20 GMT
Advertising

ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. എരുമേലി വഴിയുള്ള കാനനപാത തുറന്നുകൊടുക്കുകയും പ്രതിദിനം 60,000 പേർക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യും. 50,000 പേർക്ക് വെർച്ചൽ ക്യൂ വഴിയും 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം നൽകുക. നെയ്യഭിഷേകം മുമ്പുണ്ടായിരുന്ന പോലെ രാവിലെ ഏഴ് മുതൽ 12 വരെ നടത്താൻ അനുമതി നൽകും. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ ശബരിമലയിൽ സാധരണ നിലയിലുള്ള ദർശനം വേണമെന്ന് ദേവസ്വം ബോർഡും ഭക്തരും ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. സന്നിധാനത്ത് വിരി വെക്കാനുള്ള സൗകര്യം നേരത്തെ നൽകിയിരുന്നു. അതേസമയം തുറന്നായ സ്ഥലത്ത് വിരിവെക്കുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്.

നേരത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത സജീവമായിരുന്നു. ആശുപത്രി അടക്കമുള്ള സൗകര്യങ്ങൾ പാതയിലൂടെ യാത്ര ചെയ്യുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികൾ അടുത്ത ദിവസം തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. നീലിമല വഴിയുള്ള പരമ്പരാഗത പാത തുറന്ന് ആദ്യ ദിവസം തന്നെ ശരംകുത്തിയിൽ ശരങ്ങൾ നിറഞ്ഞു. ശബരിപീഠം എത്തിക്കഴിഞ്ഞാൽ പിന്നെ നിരപ്പായ സ്ഥലമാണ്. കഠിനമായ മലകയറ്റം പൂർത്തിയാക്കിയ അയ്യപ്പൻമാർ തേങ്ങയുടച്ച് മരക്കൂട്ടം ലക്ഷ്യമാക്കി നീങ്ങും. ഇരുവശവും കാട് ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകളാണ് നീലിമല പാതയുടെ പ്രത്യേകത. കുത്തനെയുള്ള കയറ്റം ആയാസകരമാണെങ്കിലും മലകയറ്റം ആസ്വാദ്യകരമാണെന്നാണ് അയ്യപ്പൻമാർ പറയുന്നത്.

രണ്ട് കാർഡിയാക് സെൻററുകളും ഏഴ് ഓക്‌സിജൻ പാർലറുകളും പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുടിവെളള വിതരണവും സജ്ജമാക്കി. പണിമുടക്കിയ വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. പാത തുറന്നതിന് ശേഷമുള്ള ആദ്യ ദിനം തന്നെ വലിയ തിരക്കാണ് നീലിമല പാതയിൽ അനുഭവപ്പെട്ടത്. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത.

More concessions on Sabarimala; Karimala Path will be opened, with a total access of 60,000 people

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News