നഴ്‌സുമാര്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍; നോര്‍ക്ക റിക്രൂട്ട്‌മെന്‍റ് യു.കെയിലേക്കും

ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും.

Update: 2022-04-21 07:33 GMT
By : Web Desk

മലയാളി നഴ്‌സുമാര്‍ക്ക് യൂറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്‍റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്‍റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

യു.കെ റിക്രൂട്ട്‌മെന്‍റിന്‍റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്‍റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

Advertising
Advertising

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോ വരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും.

ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയിലേക്ക് നഴ്‍സിംഗ് റിക്രൂട്ട്‌മെന്‍റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ് വ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് നോര്‍ക്ക റൂട്ട്‌സ് യു.കെയിലേക്കും നഴ്‌സുമാരെ അയക്കുന്നത്. റിക്രൂട്ട്‌മെന്‍റ് പൂര്‍ണമായും സൗജന്യമാണ്.

വിശദാംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്‌.ഇ മെയിൽ uknhs.norka@kerala.gov.in


Full View


Tags:    

By - Web Desk

contributor

Similar News