ഗ്ലോബൽ സ്കൂളിനെതിരെ കൂടുതൽ രക്ഷിതാക്കൾ രംഗത്ത്; കുട്ടികൾ ക്രൂരമായ റാഗിങ്ങിന് ഇരയായെന്ന് പരാതി

മിഹിർ പ്രശ്നക്കാരൻ ആയിരുന്നില്ലെന്ന് അധ്യാപകർ

Update: 2025-02-10 10:33 GMT
Editor : സനു ഹദീബ | By : Web Desk

എറണാകുളം: മിഹിറിന്റെ മരണത്തിന്റെ പിന്നാലെ എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി നിരവധി മാതാപിതാക്കൾ രംഗത്ത് വന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിനെതിരെ കൂടുതൽ റാഗിങ് പരാതികൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. മിഹിറിന്റെ മരണത്തിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ നടപടികൾ ദ്രുതഗതിയിൽ സ്വീകരിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മക്കൾക്ക് ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ വച്ച് ഭീകരമായ റാഗിങ്ങ് അനുഭവങ്ങൾ നേരിടേണ്ടി വന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ആത്മഹത്യയുടെ വക്കു വരെ എത്തിയ മകന്റെ പരാതി സ്‌കൂൾ അധികൃതർ അവഗണിച്ചതിനാൽ ടി.സി വാങ്ങി കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് ചേർക്കേണ്ടി വന്നതായും ഒരു രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

മിഹിറിന്റെ മാതാവിന്റെ പരാതിയിൽ കുട്ടിയുടെ മാതാപിതാക്കൾ, ഗ്ലോബൽ പബ്ലിക്ക് സ്‌കൂൾ, കാക്കനാട് ജെംസ് സ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർ, സ്‌കൂൾ മാനേജ്മന്റ് പ്രതിനിധികൾ എന്നിവരെ നേരിൽ കണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാൽ റാഗിങ്ങ് സംബന്ധമായ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഹിർ അഹമ്മദ് സഹപാഠികളോട് വളരെ സൗഹാർദ്ദപരമായി പെരുമാറിയിരുന്ന പഠന, പഠ്യേതര വിഷയങ്ങളിൽ സജീവമായിരുന്ന കുട്ടി ആണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. മിഹിറുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അധ്യാപകർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിലാണ് മിഹിർ സ്കൂളിൽ അഡ്മിഷൻ എടുത്തത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ പ്രവർത്തിക്കുന്നത് എങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ എൻ.ഒ.സി ആവശ്യമാണ്. ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ ഇത്തരം രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാംബ്രിഡ്ജ് ഇന്റർനാഷണൽ സിലബസ് പ്രകാരം സ്കൂൾ നടത്താനുള്ള എൻ.ഒ.സി സ്കൂൾ ഹാജരാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ അന്വേഷണം നടന്ന് വരുകയാണ്.

മിഹിറുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News