കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം: 'ജില്ലാ സെക്രട്ടറിയെ ഒളിക്യാമറയിൽ കുടുക്കിയവരാണ് ഇപ്പോഴും സിപിഎം നേതൃത്വത്തിൽ'; മുഹമ്മദ് ഷിയാസ്

'ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ്‌ നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ'

Update: 2025-09-19 08:43 GMT
Editor : നബിൽ ഐ.വി | By : Web Desk

കൊച്ചി: ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഷൈന്‍ ടീച്ചറുടെ പ്രസ്താവന എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനപ്രതിനിധി ആയതുകൊണ്ട് മാത്രം പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വ്വം ഈ വിഷയത്തിലേക്ക് വലിച്ചിഴക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്നും ഷിയാസ് പറഞ്ഞു.

സിപിഎം ഗൂഢാലോചനയില്‍ പുറത്തു വന്ന ആരോപണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ അധികാര രാഷ്ട്രീയത്തിന്റെ പരിണിത ഫലമാണെന്നും, എക്കാലവും ആര്‍ക്കും ഒന്നും ഒളിച്ചു വെക്കാനാകില്ലെന്ന സത്യം സിപിഎമ്മിന് നന്നായി അറിയാമെന്നും, അതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെയും, പ്രതിപക്ഷ നേതാവിന്റെയും മെക്കിട്ട് കയറാന്‍ വരണ്ടെന്നും ഷിയാസ് വ്യക്തമാക്കി. 

Advertising
Advertising

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസില്‍ ഒളികാമറ വച്ച് അദ്ദേഹത്തെ കുടുക്കി, കുടുംബ ജീവിതവും, സമൂഹത്തിലെ സല്‍പ്പേരും ഇല്ലാതാക്കിയ നേതാക്കളാണ് എറണാകുളം ജില്ലയിലെ സിപിഎമ്മിന്റേത്. ഒളികാമറ വിവാദത്തില്‍ നടപടി നേരിട്ടവര്‍ ഇന്നും ഉന്നത സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അധികാരത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യുന്ന നേതാക്കളാണ് ജില്ലയിലേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്ക് പോലും അവരുടെ പൊതു ജീവിതവും, രാഷ്ട്രീയ ജീവിതവും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത തരത്തില്‍ സിപിഎം എന്ന പാര്‍ട്ടി മാറിക്കഴിഞ്ഞു. ഉയര്‍ന്ന ആരോപണം ദിവസങ്ങളായി ജില്ലയുടെ വിവിധ മേഖലകളില്‍ പ്രചരിക്കുന്നതാണ്. ഇത് പത്രമാധ്യമത്തില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതെന്നും, എന്നാല്‍ എവിടെ നിന്നാണ് ആരോപണത്തിന്റെ തുടക്കമെന്ന് സിപിഎം ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും, ഇത്തരം വിഷയങ്ങള്‍ ഊതിക്കത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ, ഉത്തരവാദിത്തപ്പെട്ട നേതാക്കളോ ശ്രമിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഡോ. ലീലാവതി ടീച്ചര്‍ക്കെതിരെ വരെ വളരെ മോശമായ സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍, ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ എന്നിവരോട് സമൂഹമാധ്യമങ്ങളില്‍ സംയമനം പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഷിയാസ് പറഞ്ഞു. പ്രതിപക്ഷ നേതാവ് അടക്കം കോണ്‍ഗ്രസിലെ സ്ത്രീകളെയും, നേതാക്കന്മാരെയും, അവരുടെ കുടുംബങ്ങളെയും ചേര്‍ത്ത് വൃത്തികെട്ട പ്രചരണമാണ് ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി നടത്തി വരുന്നത്. അപ്പോഴില്ലാത്ത വേദനയ്ക്ക് ഇവിടെ അര്‍ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News