മുനമ്പം കമ്മീഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: വഖഫ്-മദ്രസ സംരക്ഷണ സമിതി
പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി ഏറ്റെടുക്കാം എന്ന നിർദേശം കമ്മീഷന്റെ അജ്ഞതയാണ് വെളിവാക്കുന്നതെന്ന് വഖഫ്-മദ്രസ സംരക്ഷണ സമിതി പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചി: മുനമ്പം വഖഫ് ഭൂമി സംബന്ധിച്ച പ്രശ്നപരിഹാരത്തിന് ഫോർമുല നിർദേശിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കകയാണെന്ന് വഖഫ്-മദ്രസ സംരക്ഷണ സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് മാഞ്ഞാലി സുലൈമാൻ മൗലവി പറഞ്ഞു. അനധികൃതമായി വഖഫ് ഭൂമി കൈവശം വെച്ചിട്ടുള്ള ഏതാനും റിസോർട്ടുകൾക്ക് മാത്രമേ വഖഫ് ബോർഡ് നോട്ടീസ് നൽകിയിട്ടുള്ളൂ എന്നിരിക്കെ താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അപ്രായോഗികമാണ് എന്ന പ്രസ്താവന ദുരുദ്ദേശ്യപരമാണ്.
മുനമ്പം വഖഫ് ഭൂമിയാണെന്ന് കോടതി തീർപ്പ് കൽപ്പിച്ചാൽ ബോർഡിന് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്ത് താമസക്കാർക്ക് പതിച്ച് നൽകണം എന്ന നിർദേശം കേട്ടുകേൾവിയില്ലാത്തതാണ്. വനഭൂമിയോ റവന്യൂ ഭൂമിയോ ഈ രീതിയിൽ പതിച്ചു നൽകിയ ചരിത്രം കേരളത്തിലില്ല. ആറളത്തും മുത്തങ്ങയിലും അനധികൃത താമസക്കാരെ കുടിയിറക്കിയ അനുഭവമാണ് നമുക്ക് മുന്നിലുള്ളത്. പിന്നെയെങ്ങനെയാണ് വഖഫ് ഭൂമി വില കൊടുത്തുവാങ്ങി പതിച്ചുനൽകണമെന്ന് നിർദേശിക്കാൻ കഴിയുക.
നിയമവിരുദ്ധമായ ക്രയവിക്രയം വഖഫ് ഭൂമിയിൽ നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. പൊതു ആവശ്യങ്ങൾക്ക് വഖഫ് ഭൂമി ഏറ്റെടുക്കാം എന്ന നിർദേശം കമ്മീഷന്റെ അജ്ഞതയാണ് വെളിവാക്കുന്നത് . റോഡ്, റെയിൽവേ വികസനം അടക്കമുള്ള കാര്യങ്ങളാണ് പൊതു ആവശ്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റിസോർട്ട് മാഫിയയുടെ കയ്യേറ്റങ്ങളെ പൊതു ആവശ്യമായി പരിഗണിച്ച് വഖഫ് ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. വിശദമായ പഠനം നടത്തിയിട്ടും റിസോർട്ട് മാഫിയകൾ പാവപ്പെട്ട മുനമ്പം നിവാസികളെ മുന്നിൽ നിർത്തി നടത്തുന്ന സമരത്തിന് പിന്നിലെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് നിർഭാഗ്യകരമാണ്. നിലവിലുള്ള വഖഫ് നിയമങ്ങളെ പരിഹാസ്യമാക്കുന്ന ഈ റിപ്പോർട്ട് സർക്കാർ തള്ളിക്കളയണമെന്നും വഖഫ്-മദ്രസ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.