Writer - രാഗേന്ദു പി.ആർ
Web Journalist
എറണാകുളം: കൊച്ചി മുണ്ടംവേലി ഫ്ലാറ്റ് വിവാദത്തില്‍ ജിസിഡിഎയെ പഴിച്ച് കരാര്‍ കമ്പനിയായ ടിഡിഎല്‍സി. നിര്‍മാണ പിഴവ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
20 കോടിയില്‍ നിന്ന് 14 കോടിയിലേക്ക് ജിസിഡിഎ നിര്‍മാണ തുക വെട്ടിക്കുറച്ചു. പ്രധാനപ്പെട്ട കെട്ടിടത്തിന്റെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചത് ജിസിഡിഎയാണെന്നും ടിഡിഎല്‍സി വൈസ് പ്രസിഡന്റ് എം.ആര്‍ രവീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു.
എല്ലാവരും അവരവരുടെ ഭാഗം ന്യായീകരിക്കുന്നുവെന്നും അന്വേഷണം നടക്കട്ടെയെന്നും ടിഡിഎല്‍സി പ്രതികരിച്ചു.
അതേസമയം ഫ്ലാറ്റ് വിവാദത്തില്‍ മുന്‍ എംഎല്‍എ കെ.ജെ മാക്‌സിയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് സമരസമിതി പിന്‍വലിച്ചു. തങ്ങൾക്ക് കെ.ജെ മാക്‌സിയുടെ മാപ്പ് വേണ്ടെന്നും ആക്ഷേപം തുടര്‍ന്നാല്‍ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരസമിതി നേതാവ് അഭിലാഷ് പറഞ്ഞു.
സിപിഎം പൊതുജനങ്ങളെ കഴുതകളാക്കുന്നു. സിപിഎം മാതൃത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നുവെന്നും അഭിലാഷ് വിമര്‍ശിച്ചു.
സമരത്തിന് പൂര്‍ണ്ണപിന്തുണ അറിയിച്ച സിപിഐയും ബിജെപിയും മുണ്ടംവേലി ഫ്ലാറ്റ് സന്ദര്‍ശിച്ചു. ഉത്തരവാദികളെ കണ്ടെത്താന്‍ പൂര്‍ണ്ണ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ ആവശ്യപ്പെട്ടു.
'കെ.ജെ മാക്‌സി പ്രസ്താവന പിന്‍വലിച്ചു. ഇനി അതില്‍ വിവാദമുണ്ടാക്കരുത്, ശരിയായ പ്രശ്‌നം എന്താണെന്ന് മറക്കാനും പാടില്ല. താമസക്കാരെ സംരക്ഷിക്കണം. ഉത്തരവാദികളെ കണ്ടെത്താന്‍ ശരിയായ അന്വേഷണം നടത്തണം,' എന്നും എന്‍. അരുണ്‍ പറഞ്ഞു.