24 മണിക്കൂറിനുള്ളിൽ വീണ്ടും കൊലപാതകം; നടുങ്ങി പാലക്കാട്

നഗരം കനത്ത പൊലീസ് കാവലില്‍ നില്‍ക്കവെയാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍

Update: 2022-04-16 09:04 GMT
Editor : abs | By : Web Desk

പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയവെ പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. ആർഎസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയിൽ കയറി വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു.

ഇന്നലെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊന്നത് എങ്കിൽ, ഇന്ന് ബൈക്കിലെത്തിയവരാണ് ശ്രീനിവാസനെ വെട്ടിയത്. നഗരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം സെക്കൻഡ് ഹാൻഡ് ബൈക്കുകൾ വിൽക്കുന്ന കടയിൽ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോൾ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല എന്നാണ് ദൃക്‌സാക്ഷി മീഡിയവണിനോട് പറഞ്ഞത്. തലയ്ക്കും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Advertising
Advertising

സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ കനത്ത സുരക്ഷയാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്നത്. വടക്കൻ മേഖലാ ഐജി അശോക് യാദവ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പാലക്കാടെത്തിയിരുന്നു.

സുബൈറിന്‍റേത് രാഷ്ട്രീയക്കൊല 

സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് എഫ്‌ഐആർ പറയുന്നത്. പ്രതികൾക്കായി പൊലീസ് അനേഷണം ഊർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. അഞ്ചു പ്രതികളാണ് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നേരത്തെ, ആർ.എസ്.എസ് പ്രവർത്തകൾ സഞ്ജിത് കൊലപെട്ട ദിവസം നടന്ന വിലാപയാത്രയിൽ സുബൈറിന്റെ വീടിനും,കടക്കും നേരെ ആക്രമണം നടന്നിരുന്നെന്ന് സുബൈറിന്റെ മകൻ സജാദ് മീഡിയവണിനോട് പറഞ്ഞു. സഞ്ജിത്തിനെ കൊലപെടുത്തിയത് സുബൈറാണെന്ന് വരുത്തിതീർക്കാൻ ആർ.എസ്.എസ് ശ്രമിച്ചതായി ബന്ധു ഫാറൂഖും പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം തിരിച്ചുവരുമ്പോഴാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആർഎസ്എസ് പ്രവർത്തകരാണ് കൊലനടത്തിയതെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്.

കാർ കണ്ടെത്തി

സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്നിന്ന് കാർ കണ്ടെത്തിയിരിക്കുന്നത്. KL 9 AQ 7901 മാരുതി അൾട്ടോ കാറാണ് കണ്ടെത്തിയത്. കാറിൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. കൃപേഷ് എന്ന് വ്യക്തിയുടെ കാറാണ് എന്നാണ് മോട്ടോർവകുപ്പിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് കാർ കണ്ടെന്ന് സമീപത്തെ കടയുടമ പറഞ്ഞു. ആരും എത്താത്തതിനാൽ രാത്രി ഒമ്പതുമണിയോടെ പൊലീസിനെ വിവരമറിയിച്ചതായും അദ്ദേഹം പറഞ്ഞു. കാറിന് രാത്രി പൊലീസ് കാവലേർപ്പെടുത്തിയെന്നും കടയുടമ പറഞ്ഞു.

സുബൈറിനെ ഇടിച്ചുവീഴ്ത്തിയ കാർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. എന്നാൽ തങ്ങൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖൻ പറഞ്ഞു. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ മുമ്പ് കാർ ഒരു വർക്ക്ഷോപ്പിൽ കൊടുത്തുവെന്ന് പറഞ്ഞിരുന്നു. കൊല്ലപ്പെട്ടതിന് ശേഷം കാർ വാങ്ങാൻ പോയിട്ടില്ല. ആരാണ് ഇപ്പോൾ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News