നക്ഷത്രയുടെ കൊലപാതകം; ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്ന് പേരെ

അമ്മ വിദ്യയെ സംസ്കരിച്ചതിനോട് ചേർന്നാണ് നക്ഷത്രയെയും അടക്കിയത്

Update: 2023-06-09 16:18 GMT
Editor : ijas | By : Web Desk

ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീമഹേഷ്‌ ലക്ഷ്യമിട്ടത് മൂന്നുപേരെയെന്ന് പൊലീസ്. മകൾ നക്ഷത്രക്ക് പുറമെ അമ്മ സുനന്ദയെയും വിവാഹത്തിൽ നിന്ന് പിന്മാറിയ പൊലീസ് ഉദ്യോഗസ്ഥയെയും കൊല്ലാൻ പദ്ധതിയിട്ടെന്നാണ് വിവരം. നാലുവർഷം മുമ്പ് ശ്രീമഹേഷിന്‍റെ ഭാര്യ മരിച്ചതിൽ സംശയം പ്രകടിപ്പിച്ച് കുടുംബവും രംഗത്തെത്തി.

നക്ഷത്രയുടെ കൊലപാതകം ആസൂത്രിതം തന്നെയെന്നാണ് പൊലീസ് കണ്ടെത്തൽ. മരം വെട്ടാനെന്ന് പറഞ്ഞ് മാവേലിക്കര പുന്നമൂടുള്ള ആളുടെ പക്കലാണ് കൊലയ്ക്ക് ഉപയോഗിച്ച മഴു നിർമിച്ചത്. മൂന്നുപേരെയും കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിന് ശേഷം ശ്രീമഹേഷ്‌ കടുത്ത നിരാശയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്രതി വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില വീണ്ടെടുത്ത ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

Advertising
Advertising
Full View

അതേസമയം ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ വിദ്യയുടെ കുടുംബം രംഗത്തെത്തി. വീട്ടില്‍ പലതവണ വന്ന് താമസിച്ചിട്ടുണ്ടെങ്കിലും സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നക്ഷത്ര പറഞ്ഞിരുന്നില്ലെന്നും പീഡനങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും വിദ്യയുടെ പിതാവ് ലക്ഷ്മണന്‍ പറഞ്ഞു. നക്ഷത്രയുടെ മൃതദേഹം രണ്ടുമണിയോടെ വിദ്യയുടെ വീട്ടിലെത്തിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെ അന്തിമോപചാരം അർപ്പിച്ചു. അമ്മ വിദ്യയെ സംസ്കരിച്ചതിനോട് ചേർന്നാണ് നക്ഷത്രയെയും അടക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News