എന്തുകൊണ്ട് തോറ്റു: മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

സിറ്റിംഗ് സീറ്റുകളിലെ തോൽവിയും, ഫലം വന്നതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ പ്രവർത്തകരുടെ രോഷ പ്രകടനവും യോഗത്തിൽ ചർച്ചയാകും

Update: 2021-05-06 00:51 GMT
By : Web Desk
Advertising

മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട് ചേരും. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായാണ് യോഗം.

സിറ്റിംഗ് സീറ്റുകളിലെ തോൽവിയും, ഫലം വന്നതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ പ്രവർത്തകരുടെ രോഷ പ്രകടനവും യോഗത്തിൽ ചർച്ചയാകും. 11 മണിയോടെ ലീഗ് എംഎൽഎമാരെ പങ്കെടുപ്പിച്ചും യോഗം ചേരും. മുസ്‍ലിം ലീഗ് നിയമസഭാ കക്ഷി നേതാവിനെ എംഎൽഎമാരുടെ യോഗത്തിൽ തെരഞ്ഞെടുത്തേക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗിന്‍റെ മോശം പ്രകടനമാകും ഉന്നതാധികാര സമിതി യോഗത്തില്‍ പ്രധാന ചര്‍ച്ച. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‍സഭാംഗത്വം രാജി വെച്ചതാണ് തിരിച്ചടിയായതെന്ന ലീഗ് പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമങ്ങളിലെ രോഷ പ്രകടനവും ഇതോടൊപ്പം ചര്‍ച്ചയാകും.

താനൂരില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് തോറ്റതില്‍ മുസ്‍ലിം ലീഗിനകത്ത് വിവാദം പുകയുന്നുണ്ട്. താനൂരിലെ അപ്രതീക്ഷിത തോല്‍വിയും, സിറ്റിംഗ് സീറ്റുകളായ അഴീക്കോടും, കുറ്റ്യാടിയും, കോഴിക്കോട് സൌത്തും, കളമശ്ശേരിയും പരാജയപ്പെട്ട സാഹചര്യവും ഉന്നതാധികാര സമിതി യോഗത്തില്‍ ചര്‍ച്ചയാകും.

വേങ്ങരയില്‍ മുപ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷമുണ്ടെങ്കിലും 2016 ലെ ഭൂരിപക്ഷത്തില്‍ നിന്ന് കുറവ് വന്നതും യോഗം വിലയിരുത്തും, അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരം സംസ്ഥാനത്തെ ഏറ്റവും കുറവ് ഭൂരിപക്ഷത്തില്‍ ജയിച്ചതും. മലപ്പുറം ലോക്‍സഭാ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ് സമദാനിയുടെ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവുണ്ടായതും യോഗത്തില്‍ ചര്‍ച്ചയാകും.

ഒന്നര ലക്ഷത്തോളം വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും ഭൂരിപക്ഷം കുറഞ്ഞത്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ ലോക്‍സഭാംഗത്വ രാജിക്കെതിരെയുള്ള പൊതുവികാരമാണെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പാര്‍ട്ടി തീരുമാനമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്നാണ് ലീഗ് നേതാക്കളുടെ പരസ്യ നിലപാട്. എന്നാല്‍ ഉന്നതാധികാര സമിതി യോഗത്തില്‍ ഇതെല്ലാം ഗൌരവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

Tags:    

By - Web Desk

contributor

Similar News