'ഫലസ്തീൻ അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണ്, ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറക്കുന്നു'; ഗസ്സ വംശഹത്യക്കെതിരെ മുസ്‌ലിം ലീഗ് ഐക്യദാർഢ്യ സമ്മേളനം
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഗസ്സ വംശഹത്യയ്‌ക്കെതിരെ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഗസ വംശഹത്യയ്‌ക്കെതിരെ ലോകം മുഴുവൻ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് മുസ്‌ലിം ലീഗും ഗസ്സ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് ആയിരുന്നു പരിപാടിയുടെ മുഖ്യ അതിഥി. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശീയ ഉന്മൂലനമാണെന്നും അധിനിവേശത്തിനെതിരെ പോരാട്ടം തുടരുമെന്നും ഫലസ്തീൻ അംബാസിഡർ പറഞ്ഞു.
ഫലസ്തീൻ അറബികളുടെതാണെന്ന് ഇന്ത്യ മുമ്പ് തന്നെ അംഗീകരിച്ചിരുന്നുവെന്നും എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറക്കുകയാണെന്നും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, സ്വാമി ധർമ്മ ചൈതന്യ, ഫാ.പോൾ തേലക്കാട്ട് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.