മുട്ടിൽ മരം മുറി കേസ്: അറസ്റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും

പ്രതികൾ സഞ്ചരിച്ച കാർ ഡ്രൈവറുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്

Update: 2021-07-28 15:11 GMT
Editor : ijas
Advertising

മുട്ടിൽ മരം മുറി കേസില്‍ അറസ്റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും. പ്രതികളെ ഉടൻ വയനാട്ടിലേക്ക് കൊണ്ടു പോകും. നാളെ പ്രതികളെ മരിച്ച അമ്മയുടെ സംസ്കാരത്തിനെത്തിക്കും. പ്രതികൾ സഞ്ചരിച്ച കാർ ഡ്രൈവറുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഐ.ജി എസ് ശ്രീജിത്ത് പറഞ്ഞു. വനം വകുപ്പുമായി സഹകരിച്ചാണ് അന്വേഷണമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

മുട്ടിൽ മരം മുറിക്കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയ വിവരം ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ അറിയിച്ചത്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ ,ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിക്കവെയാണ് അറസ്റ്റ് വിവരം സർക്കാർ കോടതിയെ അറിയിച്ചത്. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം കുറ്റിപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. മൂന്ന് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ രണ്ട് ദിവസം മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളുടെ കൈകൾ ശുദ്ധമല്ലെന്നും രേഖകളിൽ കൃത്രിമത്വം കാട്ടി സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും പ്രതികൾ വനം കൊള്ള നടത്തിയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു. 43 ഓളം കേസുകളാണ് പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 

അതിനിടെ പട്ടയഭൂമിയിൽ നിന്നും ഈട്ടിത്തടി മുറിച്ചു കടത്തിയ കേസിൽ മുട്ടിൽ അമ്പലവയൽ സ്വദേശികളായ മറ്റ് രണ്ട് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News