'എന്റെ ഏറ്റവും വലിയ സുഹൃത്ത്, ഞങ്ങൾ തമ്മിൽ രഹസ്യങ്ങളില്ല': ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് എ.കെ ആന്റണി

''ഏറ്റവും വലിയ സ്വകാര്യ ദു:ഖം, എന്റെ മരണം വരെ ഉമ്മൻചാണ്ടി കൂടെയുണ്ടാകും''

Update: 2023-07-18 02:10 GMT
Editor : rishad | By : Web Desk

ഉമ്മന്‍ചാണ്ടി- എ.കെ ആന്റണി

Advertising

തിരുവനന്തപുരം: എന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എ.കെ ആന്റണി. ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ വിദ്യാർഥി രാഷ്ട്രീയം മുതലുളള പരിചയമാണെന്നും ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി. 

ആന്റണിയുടെ വാക്കുകള്‍; 'മ്മൻചാണ്ടിയുടെ വേർപാട് കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കും യു.ഡി.എഫിനും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്റെ പൊതുജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടം ഉമ്മൻചാണ്ടിയുടെ വിയോഗമാണ്. എന്റെ കുടുംബത്തിലും അങ്ങനെത്തന്നെ. ഉമ്മൻചാണ്ടിയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ഞാൻ കുടുംബ ജീവിതത്തിൽ പ്രവേശിക്കില്ലായിരുന്നു. എന്റെ ഭാര്യയെ കണ്ടെത്തി തന്നത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്. 

നഷ്ടങ്ങൾ പലതാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരിൽ ഒരാളാണ് ഉമ്മന്‍ചാണ്ടി. ഊണിലും ഉറക്കത്തില്‍ പോലും അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നത് എങ്ങനെ ജനങ്ങളെ സഹായിക്കാം എന്നതാണ്. സഹായം തേടി വരുന്ന ആരെയും അദ്ദേഹം നിരാശരാക്കില്ല. രോഗക്കിടക്കയിൽ കിടക്കുമ്പോഴും അങ്ങനെത്തന്നെ. കേരളത്തെ ഇത്രമേല്‍ സ്‌നേഹിച്ച പൊതുപ്രവർത്തകൻ. കേരള വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഭരണാധികാരികളിൽ ഒരാൾ.

കോൺഗ്രസിന്റെ വളർച്ചയിലും ഉമ്മൻചാണ്ടിയുടെ പങ്ക് വലുതാണ്. എന്റെ വിദ്യാർഥി രാഷ്ട്രീയം മുതലുള്ള  വലിയ സുഹൃത്ത്, ഞാൻ എല്ലാം തുറന്നുപറയുന്ന സുഹൃത്ത്. ഞങ്ങൾ തമ്മിൽ രഹസ്യങ്ങളില്ല. ചില കാര്യങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എല്ലാം ഞങ്ങൾ തമ്മിൽ പങ്കുവെക്കാറുണ്ട്. ഹൃദയം തുറന്ന് സംസാരിച്ചിരുന്നു വ്യക്തി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദു:ഖം, എന്റെ മരണം വരെ ഉമ്മൻചാണ്ടി കൂടെയുണ്ടാകും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഉമ്മൻചാണ്ടിക്കൊരു പകരക്കാരൻ ഇല്ല. ഉമ്മൻചാണ്ടിക്ക് തുല്യൻ ഉമ്മൻചാണ്ടി മാത്രം'

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News