'അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കും'; കേരളത്തിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് എൻ.എ.മുഹമ്മദ് കുട്ടി

ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്നും രാജിവെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞു

Update: 2024-02-09 10:26 GMT

ഡൽഹി: കേരള നിയമസഭയിലെ എൻ.സി.പി എം.എൽ.എമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻ.എ.മുഹമ്മദ് കുട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കണമെന്നും അജിത് പവാറിനൊപ്പം നിന്നില്ലെങ്കിൽ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്നും മുഹമ്മദ് കുട്ടി.


ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജി വെയ്ക്കണമെന്നും രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.പി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിൽ രണ്ട് വിഭാഗത്തിനും എൽ.ഡി.എഫിന് ഒപ്പം പോകാൻ കഴിയുമെന്നും പറഞ്ഞു.

Advertising
Advertising

യഥാർഥ എൻ.സി.പി അജിത് പവാർ പക്ഷമാണെന്നും പാർട്ടി ചിഹ്നത്തിനും അവർക്കാണ് അർഹതയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന അജിത് പവാർ പക്ഷത്തെ കമ്മീഷൻ അംഗീകരിച്ചത് ശരദ് പവാർ പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ശരദ് പവാർ പക്ഷം പുതിയ പേരിടുകയും അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും ചെയ്തിരുന്നു.


ജൂലൈ രണ്ടിനാണ് അജിത് പവാറും എട്ട് എൻ.സി.പി എം.എൽ.എമാരും ഏക്നാഥ് ഷിൻഡെ മന്ത്രിസഭക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചിരുന്നു. ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറയാൻ അജിത് തയ്യാറായിരുന്നില്ല. അജിത്തിന്റെ ഓഫീസിൽ ശരദ് പവാറിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ശരദ് പവാർ അജിത്തുമായി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News