'പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം'; നജീബ് കാന്തപുരം
ഇഎംഎസും വിഎസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്?
നജീബ് കാന്തപുരം Photo| Facebook
മലപ്പുറം: മുഖ്യമന്ത്രിയുടെ ബോഡി ഷേമിങ് പരാമർശത്തിനെതിരെ നജീബ് കാന്തപുരം. അരോഗ ദൃഢഗാത്രരായ ആളുകൾക്കു മാത്രമുള്ളതാണോ നിയമസഭ? ഇഎംഎസും വിഎസും ഇരുന്ന കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്. പുതുതായി നിയമസഭയിലേക്ക് എടുക്കുന്നവരുടെ അളവു കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം.പ്രതിപക്ഷ എംഎൽഎയെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു പരിഹാസം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇടത് പുരോഗമന പ്രസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി 'ബഹു' പിണറായി വിജയൻ ഇപ്പോൾ ആരുടെ അമ്മിക്കടിയിലാണ്. അരോഗ ദൃഢഗാത്രരായ ആളുകൾക്ക് മാത്രമുള്ളതാണോ നിയമസഭ ?ഇഎംഎസും വിഎസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നത്?
പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം.ബഹു: മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കൾ ഒന്ന് പരിശോധിക്കണം.