അഡ്വ. കൃഷ്ണരാജിനെ നിയമോപദേഷ്ടാവാക്കിയ സംഭവം: ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എംഎൽഎ
ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലെന്നും നജീബ് കാന്തപുരം മീഡിയവണിനോട്
മലപ്പുറം: വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘ്പരിവാർ പ്രവർത്തകൻ കൃഷ്ണരാജിനെ നിയമിച്ച സംഭവത്തിൽപാർട്ടി അന്വേഷണം ആരംഭിച്ചതായി നജീബ് കാന്തപുരം എംഎൽഎ. ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ലെന്നും യുഡിഎഫ് ഭരണ സമിതിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും നജീബ് കാന്തപുരം മീഡിയവണിനോട് പറഞ്ഞു.
സംഘപരിവാര്‍ അനുകൂലി അഡ്വക്കറ്റ് കൃഷ്ണരാജിനെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിച്ചതില്‍ വിശദീകരണവുമായി വഴിക്കടവ് ഗ്രാമപഞ്ചായത്ത് രംഗത്തെത്തിയിരുന്നു. കൃഷ്ണരാജിനെ നിര്‍ദേശിച്ചത് സിപിഎം ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഭര്‍ത്താവായ നിലമ്പൂര്‍ ബിഡിഒയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെ വിവാദത്തില്‍പ്പെടുത്താന്‍ ദുരുദ്ദേശ്യം ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കണ്ടത്തില്‍ മീഡിയവണിനോട് പറഞ്ഞു.
മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്താണ് കൃഷ്ണരാജിനെ പഞ്ചായത്ത് ഭരണസമിതി സ്റ്റാന്‍ഡിംഗ് കോണ്‍സിലാക്കിയിരിക്കുന്നത്. നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമാണ് കൃഷ്ണരാജിനെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കി നിയമിച്ച വഴിക്കടവ് പഞ്ചായത്ത്.
കൃഷ്ണരാജ് സമൂഹമാധ്യമങ്ങളിലും പുറത്തും തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് നല്‍കിയ ഹരജിയ്‌ക്കെതിരെ നല്‍കിയ തടസ ഹരജിയില്‍ കാസയ്ക്ക് വേണ്ടി ഹാജരാകുന്നത് കൃഷ്ണരാജാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കുറ്റത്തിന് കൃഷ്ണരാജിനെതിരെ കേസുണ്ട്.