'നന്ദകുമാര്‍ തന്നെ ഇപ്പോഴും ഡയറക്ടര്‍'; സര്‍വകലാശാല വെബ്സൈറ്റ് പരിഷ്കരിക്കണമെന്ന് ദീപ മോഹനന്‍

'ഐ.ഐ.യു.സി.എന്‍.എന്‍ വെബ്സൈറ്റിൽ ജാതി അധിക്ഷേപം നടത്തിയ ഡോ. നന്ദകുമാര്‍ കളരിക്കല്‍ സെന്‍റര്‍ ഡയറ്ക്ടര്‍ ആയി കൈയും കെട്ടി നില്‍പ്പുണ്ട്'

Update: 2021-12-07 15:21 GMT
Editor : ijas
Advertising

ജാതി വിവേചനവും അധിക്ഷേപവും ചൂണ്ടിക്കാട്ടി എം.ജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി. മോഹൻ നടത്തിവന്ന സമരത്തിനൊടുവില്‍ നാനോ സയന്‍സ് മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം പുറത്തുവന്നു നാല് ആഴ്ച്ച പിന്നിട്ടെങ്കിലും സര്‍വകലാശാല നിയന്ത്രണത്തിലുള്ള ഐ.ഐ.യു.സി.എന്‍.എന്‍ വെബ്സൈറ്റിലെ വകുപ്പ് മേധാവി സ്ഥാനത്തു നിന്നും ഡോ. നന്ദകുമാറിനെ മാറ്റിയില്ലെന്ന പരാതിയുമായി ദീപ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപ വൈസ് ചാന്‍സലര്‍ക്കായി തുറന്ന പരാതി ഉന്നയിച്ചത്.

ഐ.ഐ.യു.സി.എന്‍.എന്‍ വെബ്സൈറ്റിൽ ജാതി അധിക്ഷേപം നടത്തിയ ഡോ. നന്ദകുമാര്‍ കളരിക്കല്‍ സെന്‍റര്‍ ഡയറ്ക്ടര്‍ ആയി കൈയും കെട്ടി നില്‍പ്പുണ്ടെന്നും ഇതിന് പുറമേ തന്നോട് അപമര്യാദയായി പെരുമാറിയ ചാള്‍സ് സെബാസ്റ്റ്യനും വെബ് സൈറ്റില്‍ ഇടം പിടിച്ചതായും വെബ് സൈറ്റ് ഉടന്‍ തന്നെ പരിഷ്കരിച്ച് ഈ ആളുകളെ പൂര്‍ണ്ണമായും സൈറ്റില്‍ നിന്നും നീക്കണമെന്നും ദീപ ആവശ്യപ്പെട്ടു. ഇനിയും നന്ദകുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കരുതെന്നും അലങ്കരിക്കുന്ന പദവിക്ക് മാന്യത നൽകണമെന്നും ദീപ ആവശ്യപ്പെട്ടു.

ദീപ പി മോഹനന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ബഹു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്ക് ,

ഐ.ഐ.യു.സി.എന്‍.എന്‍ വെബ്സൈറ്റിൽ കാസ്റ്റിയസ്റ്റ് ഡോ. നന്ദകുമാർ കളരിക്കൽ സെന്‍റര്‍ ഡയറക്ടർ ആയി കൈയും കെട്ടി നിൽപ്പുണ്ട്. കൂടാതെ എന്നോട് അപമര്യാദയായി പെരുമാറിയ ചാൾസ് സെബാസ്റ്റ്യനും ഉണ്ട്. വെബ്സൈറ്റ് പരിഷ്കരിക്കണം. ഈ ആളുകളെ പൂർണ്ണമായും വെബ്സൈറ്റിൽ നിന്നും നീക്കണം. അതിന് അങ്ങയുടെ ശ്രദ്ധ അടിയന്തിരമായി ക്ഷണിക്കുന്നു.

'നന്ദു'വിനോട് സാറിനുള്ള പ്രത്യേക സ്നേഹം എനിക്കറിയാം. അതുകൊണ്ടാണല്ലോ ടിയാൻ ഇത്രയും നാൾ സംരക്ഷിക്കപ്പെട്ടതും ഞാൻ കൂടുതൽ അപമാനിക്കപ്പെട്ടതും.

ഇനിയും നന്ദകുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കരുത്. അലങ്കരിക്കുന്ന പദവിക്ക് മാന്യത നൽകണം.

പിൻകുറിപ്പ് : നാളുകളായി സർവ്വകലാശാലയിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങളാൽ ഞാൻ കടത്തിലാണെന്നും ജീവിക്കാൻ പണമില്ലെന്നും കാണിച്ച് അങ്ങേയ്ക്ക് ഞാൻ(24/11/2021) അപേക്ഷ സമർപ്പിച്ചിരുന്നു. എന്റെ ബാങ്ക് അക്കൗണ്ട് നമ്പർ തന്നിട്ട് അതിൽ ആവശ്യപ്പെട്ടത് വി സി യുടെ സ്പെഷ്യൽ പവർ ഉപയോഗിച്ച് അടിയന്തിരമായി കുറച്ച് പണം അനുവദിക്കണമെന്നും നിങ്ങൾ അന്യായമായി തടഞ്ഞു വച്ചിരിക്കുന്ന ഫെല്ലോഷിപ് ലഭിക്കുമ്പോൾ പണം തിരിച്ചടയ്ക്കാം എന്നുമായിരുന്നു (ബാങ്കിൽ നിന്ന് വന്ന നോട്ടീസ് പോലും അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു). അപേക്ഷ തൃണവത്ഗണിച്ചു എന്ന് മാത്രമല്ല തടഞ്ഞു വച്ച ഫെല്ലോഷിപ് വിട്ട് നൽകാൻ യാതൊരു വിധ നടപടികളും സ്വീകരിച്ചില്ല. ആത്മഹത്യ ചെയ്യാൻ ആഗ്രഹമില്ലെന്നും എനിക്ക് ജീവിക്കണമെന്നും അതിന് അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്...

പക്ഷെ സർവകലാശാലയ്ക്ക് അപേക്ഷ തന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് മനസ്സിലായതുകൊണ്ടാണ് പബ്ലിക് ആയി ഇപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇവിടെ നടക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളും അറിയട്ടെ.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News