ദേശീയപാത നിർമാണം; കർശന ഇടപെടലുമായി മുഖ്യമന്ത്രി

ഓരോ മാസവും അഞ്ച് ശതമാനം പണി പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യും

Update: 2024-12-05 16:14 GMT

തിരുവനന്തപുരം: ദേശീയപാത നിർമാണത്തിൽ കർശന ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ മാസവും അഞ്ച് ശതമാനം പണി പൂർത്തീകരിച്ചില്ലെങ്കിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്യും. നിര്‍മാണ പുരോഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിര്‍മാണ പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു.

80 ശതമാനത്തില്‍ കൂടുതല്‍ നിര്‍മാണ പുരോഗതി കൈവരിച്ച് കഴിഞ്ഞ തലപ്പാടി- ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട് സ്ട്രച്ചുകള്‍ 2025 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വിവിധ ജലാശയങ്ങളില്‍ നിന്നു മണ്ണ് എടുക്കുന്നതിനുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Advertising
Advertising

ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 17,293 കേസുകളാണ് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ദേശിയപാത 66നായി ഭൂമി ഏറ്റെടുക്കലിന്‍റെ പുരോഗതി 90 മുതല്‍ 95 ശതമാനം വരെ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. എന്‍എച്ച് 66ന്‍റെ നിര്‍മ്മാണത്തിനായി 5580 കോടി രൂപ ഇതിനോടകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. എന്‍എച്ച് 966 നിര്‍മാണത്തിനായി 1065 കോടി രൂപയും എന്‍എച്ച് 66നായി 237 കോടി രൂപയും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തിനോടാവശ്യപ്പെടുന്നുണ്ട്. 

പെര്‍ഫോമെന്‍സ് കുറവുള്ള കരാറുകാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും എന്‍എച്ച്എഐ അറിയിച്ചു. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ദേശിയപാത റീജിയണല്‍ ഓഫീസര്‍ ബി.എല്‍ വീണ, കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍, വിവിധ ജില്ലാ കലക്ടര്‍മാര്‍, ദേശിയപാത വിഭാഗത്തിലെ പ്രോജക്ട് ഡയറക്ടര്‍മാര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News