ഐഎൻഎല്ലിൽ അവഗണന, നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കും
ഐഎന്‍എല്ലിലെ ചില നേതാക്കളും നാഷണൽ സെക്യുലർ കോൺഫറൻസിന്‍റെ ഭാഗമായേക്കും.
പിടിഎ റഹീമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച നാഷണൽ സെക്യുലർ കോൺഫറൻസ് പുനരുജ്ജീവിപ്പിക്കുന്നു. ഐഎൻഎല്ലിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് എന്‍എസ്‍സി പുനരുജ്ജീവിപ്പിക്കാൻ കാരണം. ചില ഐഎന്‍എല്‍ നേതാക്കളും എന്‍എസ്‍സിക്കാര്‍ക്കൊപ്പം പാർട്ടി വിടാൻ സാധ്യതയുണ്ട്.
2019 മാര്‍ച്ചിലാണ് നാഷണൽ സെക്യുലർ കോൺഫറൻസ് ഐഎന്‍എല്ലില്‍ ലയിച്ചത്. എന്‍എസ്‍സി അന്ന് പിരിച്ചുവിട്ടിരുന്നില്ല. മൂന്ന് സംസ്ഥാന ഭാരവാഹികള്‍, മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 20 കൌണ്‍സില്‍ അംഗങ്ങള്‍, ആറ് ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിത്വം- ഇതായിരുന്നു ലയന സമയത്തെ ഫോര്‍മുല. ഇതില്‍ മൂന്ന് സംസ്ഥാന ഭാരവാഹികളും മൂന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമെന്ന ധാരണ ഐഎന്‍എല്‍ പാലിച്ചു. 20 കൌണ്‍സില്‍ അംഗങ്ങള്‍, ആറ് ജില്ലാ കമ്മിറ്റികളില്‍ ഭാരവാഹിത്വം എന്ന ധാരണ പാലിച്ചില്ല. ഇതോടെയാണ് ഇനി ഐഎന്‍എല്ലില്‍ നില്‍ക്കേണ്ടെന്ന് എന്‍എസ്‍സിക്കാര്‍ അറിയിച്ചത്.
ഐഎല്‍എല്ലിലും ആഭ്യന്തര പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഐഎന്‍എല്ലിലെ ചില നേതാക്കളും നാഷണൽ സെക്യുലർ കോൺഫറൻസിന്‍റെ ഭാഗമായേക്കും.
ഐഎന്‍എല്ലില്‍ പൊട്ടിത്തെറി
ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബിനെതിരെ പാര്‍ട്ടിയിൽ പടയൊരുക്കം. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലാണ് വഹാബിനെതിരായ നീക്കം. ഇന്നലെ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്‍റ് പദവിയിൽ നിന്ന് വഹാബിനെ മാറ്റാൻ ശ്രമിച്ചത് ബഹളത്തിൽ കലാശിച്ചു.
കാസര്‍ഗോഡ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ഐ.എന്‍.എല്‍ കോട്ടയം ജില്ലാ പ്രസിഡന്‍റായ ജിയാഷ് കരീമിനോട് 20 ലക്ഷം രൂപ എ.പി അബ്ദുല്‍ വഹാബ് ചോദിച്ചുവെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്‍റെ ആരോപണം.പാര്‍ട്ടി നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടും വഹാബിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമമാണ് നടന്നത്. വഹാബിനൊപ്പം നിന്നവര്‍ എതിര്‍പ്പുയര്‍ത്തിയോടെ യോഗം കയ്യാങ്കളിയുടെ വക്കിലെത്തി. അഹമ്മദ് ദേവര്‍കോവിലിന് വേണ്ടി പ്രചാരണത്തില്‍ സജീവമായില്ലെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ബഷീര്‍ ബഡേരിയേയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ അബ്ദുല്‍ അസീസിനേയും പുറത്താക്കാന്‍ നീക്കം നടന്നുവെങ്കിലും അതും നടന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ മൂന്ന് ജില്ലാ ഭാരവാഹികളെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തിട്ടുണ്ട്.