നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ സജീവിനെ പാർപ്പിച്ച 'ബോസ്റ്റൽ സ്കൂൾ' തടവറയാണോ? പ്രത്യേകതകൾ അറിയാം...

നിലവിൽ സുഹൈലിനെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്

Update: 2026-10-14 02:50 GMT

കൊച്ചി: നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിത വേഗത്തില്‍ കറോടിച്ച് മൂന്നു പേരുടെ ജീവനെടുത്ത പ്രതി സുഹൈൽ സജീവിനെ ബോസ്റ്റല്‍ സ്‌കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നടപടി അഡ്ജസ്റ്റ്മെന്റാണോയെന്ന തരത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സംശയം പ്രകടിപ്പിച്ച് ഇതിനോടകം രം​ഗത്തെത്തിയിട്ടുണ്ട്. സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്കൂള്‍ ശരിക്കും ഒരു തടവറയാണോ? അറിയാം...

18നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ സാധാരണ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റി പാര്‍പ്പിക്കുന്ന ഇടമാണ് ബോസ്റ്റല്‍ സ്കൂള്‍. നിലവിൽ സുഹൈലിനെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഒരേയൊരു ബോസ്റ്റല്‍ സ്കൂളാണിത്. കണ്ണൂരിലായിരുന്നു ആദ്യ ബോസ്റ്റല്‍ സ്കൂള്‍ സ്ഥാപിച്ചിരുന്നത്. പിന്നീട് 1995ൽ ഇത് കൊച്ചി കാക്കനാട്ടേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലെ നിയമമനുസരിച്ച് ആറു വയസിന് മുകളില്‍ പ്രായമുള്ള ആര് തെറ്റ് ചെയ്താലും അത് ശിക്ഷ അര്‍ഹിക്കുന്ന കുറ്റം തന്നെയാണ്. ആറിനും 18നും ഇടയില്‍ പ്രായമുള്ള പ്രതികളെ ദുര്‍ഗുണ പരിഹാര പാഠശാല എന്ന് വിളിക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്കും 18നും 21നും ഇടയില്‍ പ്രായമുള്ളവരെ ബോസ്റ്റല്‍ സ്‌കൂളിലേക്കും മാറ്റണമെന്നാണ് നമ്മുടെ നിയമം. ജയില്‍ റൂള്‍ 279 പ്രകാരമാണ് ഈ നിയമം.

Advertising
Advertising

ബോസ്റ്റല്‍ സ്കൂളിന്റെ പ്രത്യേകതകൾ

സാധാരണ ജയിലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ബോസ്റ്റല്‍ സ്കൂളിന്റെ അന്തരീക്ഷം. അതായത് കുട്ടിക്കുറ്റവാളികൾ ശിക്ഷ അനുഭവിക്കുന്നതിനൊപ്പം അവർക്ക് മറ്റ് ചില ആനുകൂല്യങ്ങൾ കൂടി കിട്ടും. സ്വഭാവരൂപീകരണം, വ്യക്തിത്വ വികാസം എന്നിവയും കൂടി ബോസ്റ്റല്‍ സ്കൂളിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഇവിടെ യൂണിഫോമിലുള്ള പൊലീസുകാരുടെ കാവൽ ഉണ്ടാകില്ല, മറിച്ച് അധ്യാപകരും സഹായികളുമാണ് അവർക്കായി ഉണ്ടാകുക. ബോസ്റ്റല്‍ സ്കൂള്‍ ജുവനൈല്‍ ഹോം അല്ല എന്നതാണ് യാഥാര്‍ഥ്യം. അതേസമയം, അത് കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന തടവറയുമെന്നർഥം. മാനസിക വളര്‍ച്ച ലക്ഷ്യമിടുന്ന കായിക-വിനോദങ്ങൾ, കൃഷി, ബാഡ്മിന്റണ്‍ തുടങ്ങിയവയും ഇവിടെ കുറ്റവാളികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടെ ഏകദേശം 80 കുറ്റവാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ സുഹൈൽ സജീവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. പ്രതിക്കെതിരെ അബ്കാരി നിയമം 15എ പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News