നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കേസിൽ സുഹൈലിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

Update: 2026-10-23 02:50 GMT

കൊച്ചി: മിനികൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ആർസി ബുക്ക് മാതാവിന്റെ പേരിലാണ്. വാഹനം ആരാണ് ഓടിച്ചിരുന്നതെന്നും അപകടത്തിന് മുമ്പ് സുഹൈൽ മാതാപിതാക്കളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലെ വിവരങ്ങളും അന്വേഷണസംഘം ചോദിച്ചറിയുമെന്നാണ് സൂചന.

അപകടത്തിന് തൊട്ടുമുമ്പ് സുഹൈലിന്റെ മാതാവും പിതാവും വിവിധ സ്ഥലങ്ങളിൽനിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സംഭാഷണങ്ങളിൽ സുഹൈൽ എവിടെയാണെന്നും എന്താണ് പറഞ്ഞതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണസംഘം പരിശോധിക്കും. സുഹൈൽ അവസാനമായി നടത്തിയ ഫോൺ സംഭാഷണത്തിലെ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായേക്കും.

Advertising
Advertising

അതേസമയം, കേസിൽ സുഹൈലിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം വൈകിട്ടാണ് സുഹൈലിനുവേണ്ടി അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. അപേക്ഷ പരിഗണിക്കുകയാണെങ്കിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടാനും സാധ്യതയുണ്ട്. ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച നടന്നേക്കുമെന്നാണ് സൂചന.തെളിവെടുപ്പും പൊലീസ് കസ്റ്റഡിയും പൂർത്തിയായെന്നും പ്രതിയെ തുടർന്നും റിമാൻഡിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതികൾക്ക് കുറ്റകരമായ പശ്ചാത്തലമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. സുഹൈലിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News