പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവം: അഞ്ചുപേർ കസ്റ്റഡിയിൽ

മൂന്ന് സ്ത്രീകളാണ് വിദ്യാർത്ഥികളുടെ പരിശോധനയ്ക്കുണ്ടായിരുന്നത്

Update: 2022-07-19 14:06 GMT
Advertising

കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. അഞ്ച് പേരും സ്ത്രീകളാണ്. രണ്ട് പേർ കോളേജ് ജീവനക്കാരും മൂന്ന് പേർ ഏജൻസി ജീവനക്കാരുമാണ്. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണെന്നും കൊട്ടാരക്കര ഡിവൈഎസ്പി ജി. ഡി. വിജയകുമാർ കേസ് അന്വേഷിക്കുമെന്നും കൊല്ലം റൂറൽ എസ്.പി കെ.ബി രവി പറഞ്ഞു. മൂന്ന് സ്ത്രീകളാണ് വിദ്യാർത്ഥികളുടെ പരിശോധനയ്ക്കുണ്ടായിരുന്നത്. ഇവരിൽ ആരാണ് അടിവസ്ത്രം മാറ്റാൻ നിർദ്ദേശം നൽകിയതെന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേരളം നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജൻസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.

പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് പരീക്ഷ എഴുതിയ വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News