ഇബ്രാഹിമിനെ നീതു പരിചയപ്പെട്ടത് ടിക് ടോക് വഴി; വിവാഹമോചിതയെന്ന് വിശ്വസിപ്പിച്ചു

കുഞ്ഞിനെ തട്ടിയെടുത്തത് സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാന്‍

Update: 2022-01-07 05:43 GMT
Editor : abs | By : Web Desk

കോട്ടയം: മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ നീതു ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ പരിചയപ്പെട്ടത് ടിക് ടോക് വഴി. ഒന്നര വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ മോചിതയാണ് എന്ന് ഇവര്‍  കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമിനെ വിശ്വസിപ്പിച്ചിരുന്നു. നീതുവിന്റെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. 

നീതു ഗർഭിണിയാണെന്ന വിവരം വിദേശത്തുള്ള ഭർത്താവിനും ഇബ്രാഹിമിനും അറിയാമായിരുന്നു. എന്നാൽ ഗർഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമിൽ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു. ഇതിൽനിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് ചിത്രീകരിക്കാൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുഞ്ഞിനെ വച്ച് ബ്ലാക് മെയിൽ ചെയ്യാനായിരുന്നു നീക്കം. 

Advertising
Advertising

ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണ് നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇരുവരും ചേർന്ന് പുതിയ സ്ഥാപനം തുടങ്ങിയതായും നീതു ഇയാളുടെ വീട്ടിൽ വന്നിരുന്നതായും റിപ്പോർട്ടുണ്ട്. തിരുവല്ല സ്വദേശിയായ നീതു കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ പ്ലാനറാണ്.

ഇബ്രാഹിം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യൽ. ഇബ്രാഹിം തന്റെ പക്കൽ നിന്ന് സ്വർണവും പണവും കൈക്കലാക്കിയിട്ടുണ്ടെന്ന് നീതു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വണ്ടിപ്പെരിയാർ സ്വദേശിയായ ശ്രീജിത്തിന്റെയും അശ്വതിയുടെയും കുഞ്ഞിനെയാണു നീതു തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് സംഭവം. ശ്രീജിത്ത് പുറത്തുപോയപ്പോൾ നഴ്‌സിന്റെ വേഷത്തിൽ വാർഡിലെത്തിയ നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട് പരിശോധിക്കണം എന്നു പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

കുഞ്ഞുമായി താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ നീതു ടാക്‌സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ആൺസുഹൃത്ത് തരാനുള്ള 30 ലക്ഷം രൂപ തിരികെ വാങ്ങാനുള്ള തന്ത്രമായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കലെന്നു നീതു പൊലീസിനോടു പറഞ്ഞു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News