'നല്ലൊരു മോനായിരുന്നു, പാട്ടുകാരനായിരുന്നു,എല്ലാ സന്തോഷങ്ങളും പോയില്ലേ'; അനന്തുവിനെ ഓര്‍ത്ത് വിങ്ങിപ്പൊട്ടി നാട്
സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ പന്നിക്കെണി ജീവനെടുത്ത അനന്തുവിനെ അവസാനമായി കണ്ട് കൂട്ടുകാര്‍. സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. അനന്തു പഠിക്കുന്ന മണിമൂളി സികെ HSS സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അനന്തുവിന്‍റെ സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേരാണ് ഒരു നോക്കുകാണാനായി സ്കൂളിലെത്തിയത്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിക്കൊണ്ടിരിക്കുകയാണ്.
സ്കൂളിലെ മിടുക്കനായ കുട്ടിയായിരുന്നു അനന്തുവെന്ന് അധ്യാപകര്‍ പറയുന്നു. പത്താം ക്ലാസിലെ സ്കൂളിന്‍റെ പ്രതീക്ഷയായിരുന്നു അനന്തു. അധ്യാപകരോടും കൂട്ടുകാരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂൾ ഓര്‍ക്കുന്നു. പ്രവേശനോത്സവത്തിന്‍റെ സന്തോഷത്തിന്‍റെ അലയടികളൊക്കെ തീരും മുന്‍പെ എല്ലാ അവസാനിച്ചുവെന്ന് ഒരു അധ്യാപിക പറയുന്നു. നികത്താനാവാത്ത നഷ്ടമാണ് അനന്തുവിന്‍റെ മരണമെന്നും അവര്‍ പറഞ്ഞു. ''നല്ലൊരു മോനായിരുന്നു, എട്ടാം ക്ലാസിലേക്കാണ് ഇവിടേക്ക് വരുന്നത്. എട്ടിലും ഒന്‍പതിലുമൊക്കെ നല്ല കുട്ടിയായിരുന്നു. എല്ലാ കാര്യങ്ങൾക്കും മുന്നിലായിരുന്നു, നല്ല പാട്ടുകാരനായിരുന്നു. ക്ലാസിലൊക്കെ ആക്ടീവായിരുന്നു'' അധ്യാപിക കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വെള്ളക്കെട്ട സ്വദേശി അനന്തു മരിച്ചത്. ഷോക്കേറ്റ മറ്റ് രണ്ട് കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്.