നിപ പ്രതിരോധത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ആരോഗ്യ മന്ത്രി
അസുഖബാധിതനുമായി ബന്ധമുള്ളവരെ കണ്ടെത്തുമെന്നും നിരീക്ഷണം നടത്തുമെന്നും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ
കോഴിക്കോട്: മസ്തിഷ്‌ക ജ്വരവും ചർദ്ദിയും ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന 12 കാരൻ മരിച്ചത് നിപ ബാധിച്ചാണെന്ന് തിരിച്ചറിഞ്ഞതിനാൽ പ്രതിരോധത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. കുടുംബാംഗങ്ങളടക്കം അടുത്ത സഹവാസമുള്ളവർക്ക് അസുഖ ലക്ഷണങ്ങളൊന്നുമില്ല.
അസുഖബാധിതനുമായി ബന്ധമുള്ളവരെ കണ്ടെത്തുമെന്നും നിരീക്ഷണം നടത്തുമെന്നും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
കുട്ടിയുടെ വാർഡായ മുന്നൂർ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. സമീപ വാർഡുകളും അടച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പ്രോട്ടോകോൾ പാലിച്ച് കണ്ണംപറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കം നടത്തുമെന്നാണ് വിവരം.
അസുഖബാധിതനായ 12 കാരനെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അവിടുന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോകുകയായിരുന്നു. അവിടെ നിന്ന് അസുഖം മൂർഛിച്ചതോടെ സംശയം തോന്നിയ ഡോക്ടർമാരാണ് സാമ്പിൾ പൂനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചത്. അവയിൽ മൂന്നു സാമ്പിളും പോസിറ്റീവാകുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടർമാർക്കോ ഇതര ജീവനക്കാർക്കോ വല്ല ലക്ഷണങ്ങളുമുണ്ടേയെന്ന് നിരീക്ഷിക്കും.