കൊല്ലം മൈനാഗപ്പള്ളിയിൽ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല

മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

Update: 2025-01-29 16:46 GMT
Editor : rishad | By : Web Desk

കൊല്ലം: ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 

മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് മറച്ചുവെച്ചിട്ടാണ് മൈനാഗപ്പള്ളി സ്വദേശിയായ 20കാരിയെ ബാസിത്ത് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഈ വിവരം ഈ പെൺകുട്ടിയുടെ വീട്ടുകാർ അറിയുകയും ഇക്കാര്യം ബാസിത്തിന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേർപെട്ടെന്നും ഒരാഴ്ച മാത്രമേ ഒന്നിച്ചു താമസിച്ചുള്ളൂ എന്നും ബാസിത്ത് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും വിവാഹം ചെയ്തു. 

Advertising
Advertising

എന്നാൽ ആദ്യ ഭാര്യ, കോടതിയിൽ നിന്നും റെസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വാങ്ങി. ബാസിത്തിന്റെ വീട്ടിൽ തന്നെയാണ് താമസം എന്ന് പിന്നീട് മനസിലാക്കിയ പരാതിക്കാരി ഇക്കാര്യം ചോദ്യം ചെയ്തു.  ഇതിന്റെ വിരോധത്താൽ പരാതിക്കാരിയെ ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കി. 

ജനുവരി 19നാണ് പരാതിക്കാരിയെ സ്വന്തം വീട്ടിൽ കൊണ്ടാക്കി ഫോണിൽകൂടി വിളിച്ചു മുത്തലാഖ് ചൊല്ലിയത്. ഇതിനെതിരെയാണ് പെണ്‍കുട്ടി ചവറ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ കേസെടുത്ത പൊലീസ്, ബാസിത്തിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. 

അതേസമയം മുത്തലാഖ് ചൊല്ലിയില്ലെന്നും ഒറ്റ ത്വലാഖ് മാത്രമേ ചൊല്ലിയുള്ളു എന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ മുത്തലാഖ് ബാസിത്ത് ചൊല്ലുന്ന ഓഡിയോ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതി മുറിയില്‍ പ്ലേ ചെയ്തു. പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News