'അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ല'- തന്റെ പൊതുജീവിതം തുറന്ന പുസ്തകമായിരുന്നെന്ന് ഉമ്മൻചാണ്ടി

'അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ കളങ്കിതരായി മുദ്രകുത്തരുത്'

Update: 2022-12-28 12:07 GMT
Advertising

തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ കളങ്കിതരായി മുദ്രകുത്തരുത്. സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നുവെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നിൽ തുറന്ന പുസ്തകമായിരുന്നു. മനഃസാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. ജനങ്ങളിൽ ഒന്നും ഒളിച്ചുവയ്ക്കാനും ഞാൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഉമ്മൻചാണ്ടിയുടെ വാക്കുകൾ

സോളാർ കേസിൽ ഞാനടക്കമുള്ളവരെ പ്രതിയാക്കി സി.ബി.ഐ രജിസ്റ്റർ ചെയ്ത 6 കേസുകളിൽ ആരോപണ വിധേയരായ എല്ലാവരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ല. ആര് അന്വേഷിക്കുന്നതിലും എനിക്ക് പരാതിയും ഇല്ലായിരുന്നു. സത്യം മൂടിവയ്ക്കാൻ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് എനിക്ക് എപ്പോഴുമുള്ളത്.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന അവസരത്തിൽ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ 2 അന്വേഷണങ്ങളിലും സോളാർ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് കണ്ടത്തിയതു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലാത്തുകൊണ്ടാണോ, സി.ബി.ഐ അന്വേഷണത്തിന് ഇടതു സർക്കാർ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂർ ഷുഹൈബ് വധക്കേസ്സും സി.ബി.ഐ അന്വേഷിക്കാതിരിക്കുവാൻ കോടികൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സർക്കാർ, സോളാർ കേസിൽ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായതിൽ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സിൽ എഴുതി വാങ്ങിയ പരാതിയിന്മേൽ പോലീസ് റിപ്പോർട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നൽകിയതിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധി സംശയകരമാണ്.

സോളാർ കേസിൽ ഭരണ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാൻ നീങ്ങിയ അവസരത്തിൽ ഞാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തേക്കുമെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് നടപടി സ്വീകരിക്കണമെന്നും നിയമോപദേശം ലഭിച്ചു. എന്നാൽ പ്രതിച്ചേർക്കപ്പെട്ട സഹപ്രവർത്തകരും ഞാനും ആ നിർദ്ദേശം നിരാകരിക്കുകയാണ് ഉണ്ടായത്. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നങ്കിൽ അതിനെ നേരിടാനാണ് തീരുമാനിച്ചത്. പിന്നീട് ഈ നീക്കം തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടിട്ടാകാം അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചത്.

എന്റെ പൊതുജീവിതം എന്നും ജനങ്ങളുടെ മുന്നിൽ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല. ജനങ്ങളിൽ ഒന്നും ഒളിച്ചുവയ്ക്കാനും ഞാൻ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് പൊതു പ്രവർത്തകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നതും കളങ്കിതരായി മുദ്രകുത്തുന്നതും ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണ്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News