എസ്എഫ്‌ഐക്കാരുടെ മര്‍ദനം; പൊലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കും
സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ കെ. കാര്‍ത്തിക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കും. സംഭവത്തില്‍ ഫോര്‍ട്ട് എസിപിയോട് കമ്മീഷണര്‍ കെ. കാര്‍ത്തിക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ എആര്‍ ക്യാമ്പിലെ മിഥുന്‍ റോയിക്ക് എതിരെ കേസെടുത്തതില്‍ പൊലീസ് സേനക്കുള്ളില്‍ തന്നെ കടുത്ത അമര്‍ഷം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദേശിച്ചതായി കമ്മീഷണര്‍ കെ. കാര്‍ത്തിക് പറഞ്ഞു. 'പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയുടെ ഭാഗമായി പല പ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്. അതിന്റെ ഭാഗമായി പൊലീസുകാരനെ പിന്നാലെ പോയി അനാവശ്യമായി ഉപദ്രവിച്ചാല്‍ ആരായാലും നടപടിയുണ്ടാകും. ക്രമസമാധാന ചുമതല വഹിച്ചതിന്റെ പേരില്‍ പൊലീസുകാരനെ ആരെങ്കിലും ആക്രമിച്ചാല്‍ നടപടിയെടുക്കും. പൊലീസുകാരന് സുരക്ഷയും നിയമസഹായവും നല്‍കും' -അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസുകാരനെതിരെ നേരത്തെ പരാതികള്‍ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസിപിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മിഥുന്‍ റോയിക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.
എആര്‍ ക്യാമ്പിലെ പൊലീസുകാരനായ മിഥുന്‍ കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐക്കാര്‍ പിന്തുടര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മിഥുന്‍ തങ്ങളെ മര്‍ദിച്ചു എന്നാണ് എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പരാതി. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊലീസുകാരനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പുതുവത്സര രാത്രിയില്‍ ശംഖുമുഖത്ത് സമയപരിധി കഴിഞ്ഞിട്ടും ഡിജെ പാര്‍ട്ടി നടത്തിയതിനെ ചൊല്ലി എസ്എഫ്‌ഐക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരെ തല്ലിയ പൊലീസ് സംഘത്തില്‍പെട്ടയാളാണ് മിഥുന്‍ റോയ്. അതിനുള്ള പ്രതികാരമാണ് മാളിലെ തല്ലെന്നാണ് മിഥുന്‍ റോയിയുടെ പരാതി.