‘ഒന്നും മറന്നിട്ടില്ല വിജയാ’; മാസപ്പടി വിവാദത്തിനിടെ കോട്ടയം ന​ഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രവുമായി ഫ്ലെക്സ്

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനും സിപിഎമ്മിനും മാസപ്പടി കേസിൽ പ്രത്യേക പരിഗണന നൽകുന്നത് എന്തിനാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ചോദ്യം

Update: 2026-10-19 03:30 GMT

കോട്ടയം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡുകൾ കോട്ടയത്ത് പ്രത്യക്ഷപ്പെട്ടു. ‘ഒന്നും മറന്നിട്ടില്ല വിജയാ’, ‘ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാനാകില്ല’ എന്നീ വാചകങ്ങളാണ് ഫ്ലെക്സിലുള്ളത്.

കോട്ടയം ജില്ലയിലെ നാല് സ്ഥലങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി സ്ക്വയറിലും ഡിസിസി ഓഫീസിന് സമീപത്തും ബോർഡുകളുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.

Advertising
Advertising

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തിലാക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായി വിജയനും സിപിഎമ്മിനും മാസപ്പടി കേസിൽ പ്രത്യേക പരിഗണന നൽകുന്നത് എന്തിനാണെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായി വിജയന് നൽകുന്നതെന്തിനെന്നും ഇവർ വിമർശിക്കുന്നു.

അതേസമയം, വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം മനുഷ്യത്വമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്നും പിതാവിനോട് കാണിച്ചത് തികച്ചും അന്യായമായിരുന്നെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എന്നാൽ, അതിനുള്ള മറുപടി മറ്റൊരാളെ വേട്ടയാടിക്കൊണ്ടാകരുതെന്നാണ് തന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അത് ചെയ്തവർ അവരവരുടെ മനസാക്ഷിയോട് ചോദിക്കട്ടെ. പക്ഷേ അതിന്റെ ഉത്തരം മറ്റൊരാളെ വേട്ടയാടിക്കൊണ്ടല്ല. സർക്കാർ സമയം എടുത്ത് ചില കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ല’, ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇതിനിടെ, കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി ശിവരാജൻ കമ്മീഷന് മുന്നിൽ ഇരിക്കുന്ന ദൃശ്യം ഇപ്പോഴും മനസിലുണ്ടെന്നും അത് മാഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നസ്വരങ്ങൾ ഉയരുന്നതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സുകൾ ചർച്ചയാകുന്നത്.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News