കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് ഏഴാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ; ഒരു വർഷത്തിനിടെ മരിച്ചത് രണ്ട് കുഞ്ഞുങ്ങൾ

കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമുട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരിച്ചത്

Update: 2026-10-19 03:37 GMT

ഹരിപ്പാട്: പരിചരണവും പോഷകാഹാരവും ഇല്ലാതെ കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ മരിച്ചത് ദമ്പതികൾക്ക് ഏഴാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമുട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരിച്ചത്. മാതാവ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയാണ് മറ്റൊരു കുഞ്ഞിന്റെ മരണം സംഭവിക്കുന്നത്.

ഞായറാഴ്ച രാവിലെ ഏഴരയോടെ വീട്ടിനുള്ളിൽ അനക്കമറ്റുകിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പാൽ ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്നാണ് രാജേഷ് ബന്ധുക്കളോട് പറഞ്ഞത്. സംഭവത്തിൽ പന്തികേടുണ്ടെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertising
Advertising

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു. 12 കിലോ ശരീരഭാ​ഗം വേണ്ട സ്ഥാനത്ത് ഏഴ് കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം.

ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവവേദനയെത്തുടർന്ന് അവശനിലയിലായ താരയെ ആശാപ്രവർത്തകർ ഇടപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മം നൽകി. അമ്മ ആശുപത്രിയിലായതോടെ രാഹുൽ പിതാവ് രാജേഷിനൊപ്പമായിരുന്നു. എന്നാൽ, ഇയാൾ വേണ്ടത്ര പരിചരണം കുട്ടിക്ക് നൽകിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുമ്പും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കുട്ടി കൈയിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം.

മഴക്കെടുതിയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞിരുന്ന ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ നേരത്തെ വാർത്തയായിരുന്നു. തുടർന്ന് ജനപ്രതിനിധികളും ശിശുക്ഷേമസമിതിയും ഇടപെട്ട് പത്തനംപുറം ഗാന്ധിഭവനിൽ എത്തിച്ചിരുന്നു. എന്നാൽ, അവിടെ തുടരാൻ കുടുംബം വിസമ്മതിച്ചതിനെത്തുടർന്ന്, സിഡബ്ല്യുസിയുടെ അനുമതിയോടെയാണ് ഇവർ വലിയകുളങ്ങരയിലെ കുടുംബ വീട്ടിലേക്ക് മടങ്ങിയത്.

കുട്ടിയുടെ സംരക്ഷണത്തിൽ കടുത്ത വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പിതാവ് രാജേഷിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുക്കുന്ന കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം, മൂന്ന് മുതൽ 11 വയസുവരെ പ്രായമുള്ള മറ്റ് നാല് പെൺകുട്ടികളെയും ശിശുക്ഷേമസമിതി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News