കള്ളപ്പണക്കേസിനെ ചൊല്ലി സഭയിൽ ഭരണ- പ്രതിപക്ഷ വാക്പോര്; കേസ് ഒത്തുതീർക്കാൻ ശ്രമിക്കരുതെന്ന് സതീശൻ

സംഘപരിവാറിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണത്തിൽ ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി

Update: 2021-06-07 05:36 GMT

ബി.ജെ.പി കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കരുതെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് അന്വേഷണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഘപരിവാറിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണത്തിൽ ഒന്നും പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഒത്തുതീർപ്പിന്‍റെ വിവരമുണ്ടെങ്കിൽ പുറത്ത് വിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

ഷാഫി പറമ്പില്‍ എം.എല്‍.എയായിരുന്നു നോട്ടീസ് നല്‍കിയത്.കള്ളപ്പണം ഒഴുക്കി കേരളത്തിൽ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. കേസില്‍ കർണാടകയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയുടെ പേര് കൂടി പറഞ്ഞ് കേൾക്കുന്നുണ്ട്. മുന്നണിയിലേക്ക് ആളെ ചേർക്കാൻ ബി.ജെ.പി പണം കൊടുത്തു. മഞ്ചേശ്വരത്ത് വീടുകളിൽ പണം കൊടുത്തു. കേസില്‍ ഗൌരവത്തോടെ അന്വേഷണം വേണം. ആ ഗൗരവത്തോടെ പൊലീസ് അന്വേഷിക്കണം. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്ന രീതിയിലാവരുത് .പൊലീസിന് മേൽ സമ്മർദത്തിന് സാധ്യതയുണ്ട്. അത് പാടില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അല്ലെങ്കിൽ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് കരുതേണ്ടി വരും. ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ സാമഗ്രി പണമാണ്. ബി.ജെ.പി കള്ളപ്പണം കൈകാര്യം ചെയ്യുകയാണ്. കൊടകരയിൽ വാഹനം പിടിക്കപ്പെട്ടത് പല ജില്ലകളിലും പണം വിതരണം ചെയ്ത് വരുമ്പോൾ പൊലീസ് നേരെ നിന്ന് അന്വേഷിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക സംഘം അന്വേഷിക്കുന്നു. തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ 96 സാക്ഷികളുടെ മൊഴി എടുത്തു. 20 പ്രതികൾ പിടിയിലായി. ഒരു കോടി ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപയും സ്വർണവും പിടിച്ചെടുത്തു.ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ ജൂൺ ഒന്നിന് കൈമാറി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News